You are currently viewing പാവന്നൂർ കടവിലെ ദുരന്തം: മകൾക്ക് പിന്നാലെ പിതാവും മരിച്ചു

പാവന്നൂർ കടവിലെ ദുരന്തം: മകൾക്ക് പിന്നാലെ പിതാവും മരിച്ചു

മയ്യിൽ: പാവന്നൂർ കടവിൽ കഴിഞ്ഞ പെരുന്നാൾ ദിനത്തിൽ മിനിലോറി ഇടിച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥനും മരണത്തിന് കീഴടങ്ങി. ഇരിക്കൂർ ദാറുൽ അമാനിലെ പി.കെ. സാജിദ് (46) ആണ് വ്യാഴാഴ്ച രാവിലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ മരിച്ചത്. ഇതേ അപകടത്തിൽ സാജിദിന്റെ നാല് വയസുകാരിയായ മകൾ തശ്‌രീഫ നേരത്തെ മരണപ്പെട്ടിരുന്നു. ഭാര്യ പാവന്നൂർ കടവിലെ എ.കെ. മൈമൂനത്ത് (39) ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്.

കഴിഞ്ഞ മെയ് 29-ന് രാത്രി 8.20ഓടെ പാവന്നൂർ കടവിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. നിർത്തിയിട്ടിരുന്ന സ്കൂട്ടറിന് സമീപം നിൽക്കുകയായിരുന്ന സാജിദിനും കുടുംബത്തിനും നേരെ തെറ്റായ ദിശയിൽ എത്തിയ കെ.എൽ 59 4847 നമ്പർ മിനിലോറി ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മൂവരെയും ഉടൻ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്നേ രാത്രി 10 മണിയോടെ തശ്‌രീഫ മരണപ്പെട്ടു. തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് സാജിദും മരണത്തിന് കീഴടങ്ങിയത്.

ഇരിക്കൂരിലെ പരേതനായ മീത്തലകത്ത് മുഹമ്മദിന്റെയും ഖദീജയുടെയും മകനാണ് സാജിദ്. മറ്റ് മക്കൾ: തമീം, തഫീം (വിദ്യാർത്ഥികൾ). സഹോദരങ്ങൾ: സലാം, അബ്ദുല്ല, അമീൻ, സിറാജ്, സിയാദ്, സാജിത്ത്, സിദ്ധിഖ്, അസ്‌മ, റഹ്‌മ, അഫ്സത്ത്, നജ്മുന്നീസ, ഫാത്തിമ, മൈമൂന, പരേതനായ നാസർ.

Leave a Reply