You are currently viewing ചക്കുവള്ളി-പുതിയകാവ് റോഡിൽ തൊടിയൂർ പാലത്തിന് കിഴക്കുവശം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവ് മരിച്ചു

ചക്കുവള്ളി-പുതിയകാവ് റോഡിൽ തൊടിയൂർ പാലത്തിന് കിഴക്കുവശം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവ് മരിച്ചു

തൊടിയൂർ: റീൽസ് ചിത്രീകരിക്കുന്നതിനിടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കരുനാഗപ്പള്ളി മരുതൂർകുളങ്ങര കാട്ടിൽക്കടവ് സ്വദേശിയായ അരവിന്ദ് (18) ആണ് മരിച്ചത്.അപകടത്തിൽ പോരുവഴി ഇടയ്ക്കാട് കെ.ആർ. ഭവനത്തിൽ ആദർശ് (18), തഴവ കൃഷ്ണഭവനത്തിൽ ദേവ് കൃഷ്ണ (18), തഴവ സ്വദേശിയായ കാർത്തിക്ക് (18) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് പുതിയകാവ്–ചക്കുവള്ളി റൂട്ടിൽ തൊടിയൂർ പാലത്തിന് കിഴക്കുവശം പതാരം റോഡിന് സമീപം അപകടം നടന്നത്. മൂന്ന് ബൈക്കുകളിലായി ആറ് യുവാക്കളാണ് ഉണ്ടായിരുന്നത്.

മുൻപേ സഞ്ചരിച്ചിരുന്ന ബൈക്കിലുണ്ടായിരുന്ന യുവാക്കൾ പിന്നിൽ വന്ന ബൈക്കുകളുടെ ദൃശ്യങ്ങൾ റീൽസിനായി മൊബൈൽ ഫോണിൽ ചിത്രീകരിക്കുമ്പോൾ ആയിരുന്നു അപകടം നടന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അരവിന്ദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിവരമറിഞ്ഞ് ശൂരനാട് പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പരിക്കേറ്റവരെ ഉടൻ ആശുപത്രികളിലേക്ക് മാറ്റിയതായും സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

Leave a Reply