മെക്സിക്കോ സിറ്റി: ലോക ഫുട്ബോളിന്റെ ഏറ്റവും വലിയ ആഘോഷമായ 2026 ഫിഫ ലോകകപ്പിന് ഇന്ന് അർധരാത്രി മെക്സിക്കോ സിറ്റിയിലെ ചരിത്രപ്രസിദ്ധമായ എസ്താഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തിൽ തുടക്കമാകും. ഒരു മാസത്തിലേറെ നീളുന്ന ആവേശകരമായ മത്സരങ്ങൾക്ക് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകർ കാത്തിരിക്കുകയാണ്.
ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ ഗ്രൂപ്പ് എയിലെ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 12.30നാണ് മത്സരം ആരംഭിക്കുക. 2010 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിലും ഇതേ ടീമുകൾ ഏറ്റുമുട്ടിയിരുന്നു എന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ട്.
ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പാണ് ഇത്തവണ അരങ്ങേറുന്നത്. 32 ടീമുകളിൽ നിന്ന് 48 ടീമുകളിലേക്കുള്ള വിപുലീകരണത്തോടെ റെക്കോർഡ് 104 മത്സരങ്ങളാണ് നടക്കുക. ഗ്രൂപ്പ് ഘട്ടത്തിൽ 72 മത്സരങ്ങളും നോക്കൗട്ട് റൗണ്ടിൽ 32 മത്സരങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായാണ് ലോകകപ്പ് വേദിയൊരുങ്ങുന്നത്.
ആതിഥേയരായ മൂന്ന് രാജ്യങ്ങൾക്കും നേരിട്ട് യോഗ്യത ലഭിച്ചപ്പോൾ, ശേഷിക്കുന്ന 45 ടീമുകൾ രണ്ട് വർഷത്തോളം നീണ്ട കടുത്ത യോഗ്യതാ പോരാട്ടങ്ങളിലൂടെയാണ് ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചത്. നാല് ടീമുകൾ വീതമുള്ള 12 ഗ്രൂപ്പുകളായാണ് മത്സരക്രമം. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച എട്ട് മൂന്നാം സ്ഥാനക്കാരും ചേർന്ന് റൗണ്ട് ഓഫ് 32ലേക്ക് മുന്നേറും. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് 32 ടീമുകൾ പങ്കെടുക്കുന്ന വിപുലമായ നോക്കൗട്ട് ഘട്ടം അരങ്ങേറുന്നത്.
ജൂലൈ 19ന് നടക്കുന്ന ഫൈനലോടെയാണ് ലോക ഫുട്ബോളിന്റെ ഈ മഹാമാമാങ്കത്തിന് സമാപനമാകുക. മൂന്ന് രാജ്യങ്ങളിലായി നീളുന്ന യാത്രകൾ, വ്യത്യസ്ത കാലാവസ്ഥകൾ, ഉയര വ്യത്യാസങ്ങൾ, സമയമേഖലകളിലെ മാറ്റങ്ങൾ എന്നിവ കാരണം ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ലോകകപ്പുകളിലൊന്നായിരിക്കും ഇതെന്നാണ് വിലയിരുത്തൽ.