You are currently viewing ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണം: യുഎന്നിന്റെയും ഐഎംഒയുടെയും ശക്തമായ അപലപനം

ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണം: യുഎന്നിന്റെയും ഐഎംഒയുടെയും ശക്തമായ അപലപനം

മസ്‌കറ്റ്: ഒമാൻ തീരത്ത് പലയു പതാകയേന്തിയ എണ്ണക്കപ്പൽ എം.ടി. സെറ്റബെല്ലോ യ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമുദ്ര സംഘടനയും (IMO) ശക്തമായ അപലപനം രേഖപ്പെടുത്തി.

സംഭവത്തെ തുടർന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ഐഎംഒ സെക്രട്ടറി ജനറൽ അഴ്സീനിയോ ഡൊമിങസും സമുദ്രഗതാഗത മേഖലയിലെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി നിരപരാധികളായ നാവികരുടെ ജീവൻ നഷ്ടപ്പെട്ടതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

ഗൾഫ് ഓഫ് ഒമാനിൽ ഇറാനിയൻ എണ്ണക്കയറ്റുമതിയുമായി ബന്ധപ്പെട്ട് അമേരിക്ക നടപ്പാക്കിയ ഉപരോധം ലംഘിക്കാൻ കപ്പൽ ശ്രമിച്ചുവെന്നും, അമേരിക്കൻ സൈന്യം നൽകിയ നിർദേശങ്ങൾ പാലിക്കാൻ വിസമ്മതിച്ചുവെന്നുമുള്ള ആരോപണത്തെ തുടർന്നാണ് കപ്പലിന്റെ എൻജിൻ റൂമിനെ ലക്ഷ്യമാക്കി അമേരിക്കൻ സൈന്യം കൃത്യമായ ആക്രമണം നടത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്.

സംഭവത്തിൽ ഇന്ത്യ ശക്തമായ നയതന്ത്ര പ്രതിഷേധം രേഖപ്പെടുത്തി. അമേരിക്കൻ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടിയതായും ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ സംബന്ധിച്ച ആശങ്ക അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ജീവനക്കാരെ സുരക്ഷിതമായി കരയിലെത്തിക്കുന്നതിനായി ഒമാൻ നാവികസേനയുമായി ഇന്ത്യ ഏകോപനം നടത്തി രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കി.

പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെ സമുദ്ര മാർഗങ്ങളിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകളുടെയും അവയിലെ ജീവനക്കാരുടെയും സുരക്ഷ വീണ്ടും ആഗോളതലത്തിൽ ചർച്ചയാകുകയാണ്. ഇന്ത്യൻ നാവികരുടെ മരണം രാജ്യത്തിനാകെ വേദനയുണ്ടാക്കിയിരിക്കെ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

Leave a Reply