തിരുവനന്തപുരം: വാഴോട്ടുകോണം കൗൺസിലർ സുഗതനെ ബിജെപി-എൻഡിഎ ഒരിക്കലും കൈവിടില്ലെന്നും അദ്ദേഹത്തിന് ആവശ്യമായ എല്ലാ നിയമസഹായവും ഉറപ്പാക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് സുഗതനെതിരായ നടപടികളെന്നും നിയമത്തിന്റെ എല്ലാ കരുത്തും ഉപയോഗിച്ച് അതിനെ നേരിടുമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
സ്വന്തം നേതാക്കളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുമ്പോൾ അക്രമം അഴിച്ചുവിടുകയും വാഹനങ്ങൾ തല്ലിത്തകർക്കുകയും ചെയ്യുന്ന സിപിഎമ്മിനെപ്പോലെയല്ല ബിജെപിയെന്ന് രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. നിയമവാഴ്ചയെയും ഭരണഘടനയെയും പൂർണമായി മാനിക്കുന്ന പ്രസ്ഥാനമാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.
ഭരണസംവിധാനങ്ങളും നിയമങ്ങളും ദുരുപയോഗം ചെയ്ത് ബിജെപിയെ വേട്ടയാടുന്ന കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും ഒറ്റക്കെട്ടാണെന്നും, അവർ രണ്ടല്ല ഒന്നാണെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിൽ സ്വന്തം പ്രവർത്തകരെയും ജനപ്രതിനിധികളെയും ബിജെപി ഒരിക്കലും കൈവിടില്ലെന്നും സുഗതന് ആവശ്യമായ എല്ലാ നിയമസഹായവും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോലീസ് സംവിധാനത്തെ നഗ്നമായി ദുരുപയോഗം ചെയ്യുന്ന നടപടികളിൽ നിന്ന് സുഗതനെ സംരക്ഷിക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
അതേസമയം, രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഎമ്മിന്റെയോ കോൺഗ്രസിന്റെയോ പ്രതികരണം ലഭ്യമായിട്ടില്ല.