നാടൻപാട്ട് കലാകാരൻ അരുൺചന്ദ്രൻ (36) അന്തരിച്ചു. കുന്നത്തൂർ ഐവർകാല അരുൺ ഭവനത്തിൽ എസ്. രാമചന്ദ്രന്റെയും എൻ.കെ. പത്മിനിയുടെയും മകനായ അരുൺചന്ദ്രൻ ഇരുപത് വർഷത്തിലേറെയായി കലാരംഗത്ത് സജീവമായിരുന്നു.
കൊല്ലം സീതകളി അക്കാഡമിയിലെ ഗായകനായ അദ്ദേഹം നാടൻപാട്ട്, സീതകളി ശില്പശാലകളിൽ പരിശീലകനായും പ്രവർത്തിച്ചു. 2023-ൽ സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പും ഈ വർഷം സംസ്ഥാന ഫോക് ലോർ അക്കാദമിയുടെ യുവ പ്രതിഭാ പുരസ്കാരവും ലഭിച്ചിരുന്നു. ഐവർകാലക്കൂട്ടം എന്ന കലാപഠനകേന്ദ്രത്തിന്റെ സ്ഥാപകനുമായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അരുൺചന്ദ്രന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഇന്ന് (12/6/2026) വൈകിട്ട് 3ന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും. അവിവാഹിതനാണ്.