You are currently viewing നടുറോഡിലേക്കെത്തിയ കുഞ്ഞിനെ രക്ഷിച്ച ബസ് ജീവനക്കാർക്ക് എംവിഡിയുടെ ആദരം

നടുറോഡിലേക്കെത്തിയ കുഞ്ഞിനെ രക്ഷിച്ച ബസ് ജീവനക്കാർക്ക് എംവിഡിയുടെ ആദരം

യാത്രക്കാരുമായി സർവീസ് നടത്തുന്നതിനിടെ നടുറോഡിലേക്ക് ഇഴഞ്ഞെത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിച്ച സ്വകാര്യ ബസ് ജീവനക്കാരെ മോട്ടോർ വാഹന വകുപ്പ് ആദരിച്ചു. ഫറൂക്ക്–കൊണ്ടോട്ടി പുളിക്കൽ പുതിയിടത്ത് പറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന ‘സഫാ മർവാ’ ബസിലെ ഡ്രൈവർ പി. രാമചന്ദ്രനും കണ്ടക്ടർ എം.എ. മുഹമ്മദ് നവാസുമാണ് മാതൃകാപരമായ ഇടപെടലിലൂടെ ശ്രദ്ധേയരായത്.

യാത്രയ്ക്കിടെ പരിസരത്തെ വീട്ടിൽ നിന്ന് ഇഴഞ്ഞെത്തിയ കുഞ്ഞ് പെട്ടെന്ന് റോഡിലേക്ക് എത്തിയതോടെ ഡ്രൈവർ പി. രാമചന്ദ്രൻ വാഹനം സുരക്ഷിതമായി നിർത്തി. തുടർന്ന് കണ്ടക്ടർ മുഹമ്മദ് നവാസ് ഉടൻ ഓടിയെത്തി കുഞ്ഞിനെ കോരിയെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഇരുവരുടെയും സമയോചിത ഇടപെടൽ പൊതുസമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റി.

സംഭവം ശ്രദ്ധയിൽപ്പെട്ട മലപ്പുറം ആർ.ടി.ഒ എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥർ പുളിക്കലിലെത്തി ഇരുവരെയും ആദരിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ രാംജി കെ. കരൺ, കെ. നിസാർ, ജെ. രാജേഷ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ മുഹമ്മദ് ബഷീർ, അനുരാഗ്, ഡ്രൈവർ അബ്ദു സബാഹ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സുരക്ഷയ്ക്ക് മുൻതൂക്കം നൽകി ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിച്ച ബസ് ജീവനക്കാരുടെ നടപടി സമൂഹത്തിന് മാതൃകാപരമാണെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ. യൂസഫ് പറഞ്ഞു. മനുഷ്യജീവന്റെ വില മനസ്സിലാക്കി കൃത്യസമയത്ത് നടത്തിയ ഇടപെടലാണ് ഒരു വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply