ബി.ജെ.പി മധ്യമേഖലാ പ്രസിഡന്റ് എൻ. ഹരിയെ റബർ ബോർഡിന്റെ പുതിയ ചെയർമാനായി കേന്ദ്ര സർക്കാർ നിയമിച്ചു. 2026 ജൂൺ 10 മുതൽ പ്രാബല്യത്തിൽ വരുന്ന നിയമനം മൂന്ന് വർഷത്തേക്കാണ്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് കേന്ദ്ര സർക്കാർ പുറത്തിറക്കി.
18 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് റബർ ബോർഡിന് സ്ഥിരം ചെയർമാനെ നിയമിക്കുന്നത്. മുൻ ചെയർമാനായ ഡോ. സവാർ ധനാനിയ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് വാണിജ്യ മന്ത്രാലയത്തിലെ സെക്രട്ടറിമാർക്ക് അധിക ചുമതലയായി ചെയർമാന്റെ ഉത്തരവാദിത്വം നൽകിവരികയായിരുന്നു.
കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് സ്വദേശിയായ എൻ. ഹരി ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ റബർ ബോർഡ് അംഗമായിരുന്ന അദ്ദേഹം സംഘടനാ രംഗത്തും പൊതുപ്രവർത്തന മേഖലയിലും സജീവ സാന്നിധ്യമാണ്.
രാജ്യത്തെ റബർ മേഖലയുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങളിലും കർഷകരുടെ ക്ഷേമവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും നിർണായക പങ്കുവഹിക്കുന്ന സ്ഥാപനമാണ് റബർ ബോർഡ്. സ്ഥിരം ചെയർമാന്റെ നിയമനം റബർ മേഖലയ്ക്ക് പുതിയ ദിശാബോധം നൽകുമെന്ന പ്രതീക്ഷയിലാണ് കർഷകരും വ്യവസായ മേഖലയിലുള്ളവരും.