You are currently viewing കൊല്ലത്തെ മൊത്തവ്യാപാര സ്ഥാപനത്തിലെ കവർച്ച; രണ്ട് പേർ പിടിയിൽ

കൊല്ലത്തെ മൊത്തവ്യാപാര സ്ഥാപനത്തിലെ കവർച്ച; രണ്ട് പേർ പിടിയിൽ

കൊല്ലം നഗരത്തിലെ മൊത്തവ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷത്തിലധികം രൂപ മോഷ്ടിച്ച കേസിലെ പ്രതികൾ ഒടുവിൽ പോലീസിന്റെ പിടിയിലായി. സജിൽ എസ് (30),അനന്തുരവി (22) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

2026 ഏപ്രിൽ 26-ന് പുലർച്ചെ 12.45-ന് ശേഷമാണ് കൊല്ലം ജില്ലാ ആശുപത്രി റോഡിലുള്ള സ്റ്റെയിൻസ് ട്രേഡിംഗ് കമ്പനിയിൽ വൻ മോഷണം നടന്നത്. സ്ഥാപനത്തിന്റെ പിൻവശത്തെ ഷട്ടർ പൊളിച്ച് അകത്ത് കടന്ന പ്രതികൾ ലോക്കർ കുത്തിത്തുറന്ന് 20 ലക്ഷം രൂപയും ബില്ലിംഗ് ക്യാഷ് ട്രേയിൽ സൂക്ഷിച്ചിരുന്ന മൂന്ന് ലക്ഷം രൂപയും ഉൾപ്പെടെ 23 ലക്ഷം രൂപ കവർന്നു. കടയുടെ ഷട്ടർ, ബില്ലിംഗ് ട്രേ, സി.സി.ടി.വി സംവിധാനങ്ങൾ എന്നിവ നശിപ്പിച്ചതിലൂടെ 25,000 രൂപയുടെ അധികനഷ്ടവും സ്ഥാപനത്തിന് സംഭവിച്ചു.

മോഷണം നടന്ന ഉടൻ തന്നെ പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ജില്ലാ പൊലീസ് മേധാവി ഹേമലത എം. ഐ.പി.എസ്.യുടെ നിർദേശപ്രകാരം കൊല്ലം എ.സി.പി രാജേഷ് ടി.ആറിന്റെ നേതൃത്വത്തിൽ കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടർ സജീവ് ആർ, എസ്.ഐമാരായ സന്ദീപ് എസ്, ജഗ്‌മോഹൻ ദത്തൻ, അതുൽ കൃഷ്ണ, ഷൈജു എന്നിവരും സി.പി.ഒമാരും ഡാൻസാഫ് സംഘവും ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് രൂപീകരിച്ചത്.

നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. എന്നാൽ, ഇതിനോടകം അവർ സംസ്ഥാനം വിട്ട് കടന്നതിനാൽ പിടികൂടാനായില്ല. തുടർന്ന് പ്രതികൾ തമിഴ്നാട്ടിലെ കൂടംകുളത്ത് എത്തിയതായി വിവരം ലഭിച്ചതോടെ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. നാല് സംഘങ്ങളായി തിരിഞ്ഞ അന്വേഷണസംഘം തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ വ്യാപക പരിശോധന നടത്തിയെങ്കിലും പ്രതികൾ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.

ഇതിനിടെ നിയമസഹായം തേടി പ്രതികൾ കൊല്ലത്തേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം കളക്ട്രേറ്റ് പരിസരത്ത് നിരീക്ഷണം ശക്തമാക്കി. ഒടുവിൽ ജൂൺ 13-ന് കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം കളക്ട്രേറ്റ് ഭാഗത്ത് നിന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഐസ്‌ക്രീം കച്ചവടം നടത്തിയിരുന്ന ഒന്നാം പ്രതി സജിൽ വ്യാപാര ആവശ്യങ്ങൾക്കായി സ്ഥിരമായി ഈ സ്ഥാപനത്തിൽ എത്താറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥാപനത്തിലെ പണമിടപാടുകളും പണം സൂക്ഷിക്കുന്ന രീതിയും നിരീക്ഷിച്ച് മനസ്സിലാക്കിയ ശേഷമാണ് രണ്ടാം പ്രതിയായ അനന്തുരവിയുമായി ചേർന്ന് മോഷണം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.

മോഷണത്തിൽ ലഭിച്ച പണം ഉപയോഗിച്ച് പ്രതികൾ കാർ, വിലകൂടിയ മൊബൈൽ ഫോണുകൾ എന്നിവ വാങ്ങുകയും ബെംഗളൂരു, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ ആഡംബര ജീവിതം നയിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഇരുവരും നേരത്തെ കൊല്ലം ഈസ്റ്റ്, കടയ്ക്കൽ, അഞ്ചാലുംമൂട്, നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനുകളിലായി ആറോളം കേസുകളിൽ പ്രതികളാണെന്നും പൊലീസ് അറിയിച്ചു.

അറസ്റ്റിലായ പ്രതികളെ കൊല്ലം ഈസ്റ്റ് എസ്.ഐ രഞ്ജുവിന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply