സീറോ-മലങ്കര കത്തോലിക്കാ സഭയുടെ സമ്പന്നമായ പാരമ്പര്യത്തെയും ആരാധനാക്രമ പൈതൃകത്തെയും എടുത്തുപറഞ്ഞ് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ ആശംസകൾ നേർന്നു. സിറോ-മലങ്കര കത്തോലിക്കാ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ യൂറോപ്പ്-യുകെ കൺവെൻഷനിൽ പങ്കെടുക്കാനായി റോമിലെത്തിയ സഭാ പ്രതിനിധികളുമായും സഭയുടെ പിതാവും തലവനുമായ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയുമായും മറ്റ് സഭാധ്യക്ഷന്മാരുമായും ജൂൺ 15-ന് നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ സന്ദേശം പങ്കുവെച്ചത്.
സന്ദേശത്തിന്റെ തുടക്കത്തിൽ തന്നെ, അന്നേ ദിവസം 67-ാം ജന്മദിനം ആഘോഷിച്ച കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക് പാപ്പാ പ്രത്യേക ആശംസകൾ നേർന്നു. മെത്രാഭിഷേകത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കിയതിനുള്ള അഭിനന്ദനവും അദ്ദേഹം അറിയിച്ചു. യൂറോപ്പിലെ സീറോ-മലങ്കര വിശ്വാസികളുടെ അജപാലന ശുശ്രൂഷകൾക്കായി അടുത്തിടെ അപ്പസ്തോലിക വിസിറ്റേറ്ററായി നിയമിതനായ കുര്യാക്കോസ് മാർ ഒസ്തതിയോസിനും പാപ്പാ ആശംസകൾ അർപ്പിച്ചു.
1932 ജൂൺ 11-ന് പതിനൊന്നാം പീയൂസ് പാപ്പാ സീറോ-മലങ്കര സഭയുടെ ഹയരാർക്കി സ്ഥാപിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച ‘ക്രിസ്തോ പാസ്തോറും’ എന്ന അപ്പസ്തോലിക രേഖയെ പരാമർശിച്ച പാപ്പാ, ക്രിസ്തുവിനോടുള്ള നന്ദിയാണ് അതിന്റെ അടിസ്ഥാനം എന്ന് ഓർമ്മിപ്പിച്ചു. പത്രോസിന്റെ പിൻഗാമിയുമായുള്ള സഭാ കൂട്ടായ്മയിലേക്ക് നിരവധി വൈദികരെയും സന്യസ്തരെയും വിശ്വാസികളെയും നയിച്ച ധന്യൻ മാർ ഇവാനിയോസിനെയും മാർ തെയോഫിലോസിനെയും സ്മരിച്ച് ദൈവത്തിന് നന്ദി അർപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
തിരുവനന്തപുരം ഭദ്രാസനത്തിന്റെ ആദ്യ സീറോ-മലങ്കര മെത്രാപ്പോലീത്തയായ മാർ ഇവാനിയോസ് ഐക്യത്തിന്റെയും കൂട്ടായ്മയുടെയും ദർശനമുള്ള ആത്മീയ നേതാവായിരുന്നുവെന്ന് പാപ്പാ പറഞ്ഞു. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ അതിർത്തികൾക്കപ്പുറം ദർശനം ഉയർത്തിയ അദ്ദേഹം, വിശുദ്ധ തോമാശ്ലീഹാ ഇന്ത്യയിൽ വിതച്ച സുവിശേഷ വിത്തിന്റെ ചൈതന്യം പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി. പ്രേഷിതദൗത്യം വാക്കുകളിലല്ല, വിശുദ്ധമായ ജീവിതത്തിലൂടെയും യഥാർഥ ജീവകാരുണ്യ സേവനത്തിലൂടെയുമാണ് പൂർത്തീകരിക്കപ്പെടേണ്ടതെന്ന മാർ ഇവാനിയോസിന്റെ ദർശനം ഇന്നും സീറോ-മലങ്കര സഭയുടെ സുവിശേഷ ഊർജത്തിന്റെയും അപ്പസ്തോലിക ജീവകാരുണ്യത്തിന്റെയും ദീപസ്തംഭമായി തുടരുന്നതായും അദ്ദേഹം പറഞ്ഞു.
സാമൂഹിക നീതി, വിദ്യാഭ്യാസം, സമഗ്ര മാനവ വികസനം എന്നിവ സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവർക്ക് എത്തിക്കാനുള്ള മാർ ഇവാനിയോസിന്റെ പ്രതിബദ്ധതയും പാപ്പാ പ്രത്യേകം എടുത്തുപറഞ്ഞു. 1934-ലെ സുവിശേഷവത്കരണ പ്രവർത്തനങ്ങളുടെ ഫലമായി തമിഴ്നാട്ടിൽ സഭയുടെ വളർച്ചയ്ക്ക് തുടക്കമായതും അദ്ദേഹം അനുസ്മരിച്ചു. ഖഡ്കിയിലെ വിശുദ്ധ എഫ്രേം രൂപതയിലും ഗുഡ്ഗാവിലെ വിശുദ്ധ ജോൺ ക്രിസോസ്റ്റം രൂപതയിലും ഇതേ പ്രതിബദ്ധത തുടർന്നുകൊണ്ടുപോകാൻ സന്യാസസഭകളെയും സിനഡിനെയും പാപ്പാ ക്ഷണിച്ചു.
പൗരസ്ത്യ സഭകളുടെ അമൂല്യമായ നിധികൾ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും പാപ്പാ ഊന്നിപ്പറഞ്ഞു. വടക്കേ അമേരിക്കയിലെ സീറോ-മലങ്കര വിശ്വാസികൾക്കായി ബെനഡിക്ട് പതിനാറാമൻ പാപ്പാ അപ്പസ്തോലിക് എക്സാർക്കേറ്റ് സ്ഥാപിക്കുകയും പിന്നീട് ഫ്രാൻസിസ് പാപ്പാ അതിനെ രൂപതയായി ഉയർത്തുകയും ചെയ്ത ചരിത്രവും അദ്ദേഹം അനുസ്മരിച്ചു.
ഇതേ ലക്ഷ്യത്തോടെയാണ് യൂറോപ്പിലുടനീളമുള്ള സീറോ-മലങ്കര കത്തോലിക്കരുടെ അപ്പസ്തോലിക വിസിറ്റേറ്ററായി കുര്യാക്കോസ് മാർ ഒസ്തതിയോസിനെ നിയമിച്ചതെന്നും, വിശ്വാസികളുടെ ആത്മീയ നന്മയ്ക്കായി അജപാലന ശുശ്രൂഷയുടെ നിലവിലെ അവസ്ഥ വിലയിരുത്തി നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ദൗത്യമെന്നും പാപ്പാ വ്യക്തമാക്കി. പൗരസ്ത്യ പാരമ്പര്യമുള്ള സമൂഹങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾ രൂപപ്പെടുത്താൻ പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കസ്റ്ററിയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
സീറോ-മലങ്കര വിശ്വാസികളുടെ ഭാവിതലമുറ അവരുടെ തനതായ പാരമ്പര്യങ്ങളിൽ ഉറച്ചുനിന്ന് കർത്താവായ യേശുക്രിസ്തുവുമായുള്ള സൗഹൃദം കൂടുതൽ ആഴത്തിലാക്കണമെന്നും അതിലൂടെ കത്തോലിക്കാ സഭയ്ക്ക് മുതൽക്കൂട്ടായി മാറണമെന്നും പാപ്പാ ആഹ്വാനം ചെയ്തു. സഭയുടെ അമൂല്യമായ സ്വത്വത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാനും മേജർ ആർച്ച് ബിഷപ്പിനോടും മെത്രാന്മാരുടെ സിനഡിനോടും ഐക്യത്തോടെ സഭാജീവിതത്തിൽ സജീവമായി പങ്കാളികളാകാനും അദ്ദേഹം വിശ്വാസികളെ ക്ഷണിച്ചു.
വിശുദ്ധ തോമാശ്ലീഹായുടെ പാരമ്പര്യം പേറുന്ന ഭാരതത്തിലെ സഭയിൽ ദൈവവിളികളെ പ്രോത്സാഹിപ്പിക്കുന്ന കുടുംബങ്ങളുടെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു. ഭവനങ്ങളിലും ഹൃദയങ്ങളിലും, പ്രത്യേകിച്ച് യുവജനങ്ങളിൽ, ശക്തമായ വിശ്വാസം വളർന്നുവരട്ടെയെന്ന് പ്രാർത്ഥിക്കുന്നതായി പറഞ്ഞ അദ്ദേഹം, സീറോ-മലങ്കര സഭയ്ക്കും വിശ്വാസികൾക്കും തന്റെ അപ്പസ്തോലിക ആശീർവാദവും നൽകി.