കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബംഗ്ലൂരു റൂറൽ സ്വദേശിയായ സന്തോഷ് കുമാർ (20) ആണ് മരിച്ചത്. കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും ചേർന്ന് നടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് സന്തോഷ് കുമാറും സുഹൃത്തും ഉൾപ്പെട്ട സംഘം പയ്യാമ്പലം ബീച്ചിൽ എത്തിയത്. കനത്ത വേലിയേറ്റ സമയത്ത് തീരത്ത് നിന്ന് ഏകദേശം 200 മീറ്ററോളം കടലിലേക്കിറങ്ങിയതോടെയാണ് ഇരുവരും ശക്തമായ തിരയിൽപ്പെട്ടത്.
സംഘത്തിലുണ്ടായിരുന്ന മനോജിനെ ലൈഫ്ഗാർഡുകളും തീരദേശ പോലീസും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം ചികിത്സയിൽ തുടരുകയാണ്. അതേസമയം, ഇന്നലെ രാവിലെ മറ്റൊരു സംഘത്തിലെ 24-കാരനായ ചിരന്ത് ശർമയും കടലിൽ അപകടത്തിൽപ്പെട്ടിരുന്നുവെങ്കിലും ലൈഫ്ഗാർഡുകളുടെ സമയോചിത ഇടപെടലിൽ രക്ഷപ്പെടുകയായിരുന്നു.
സന്തോഷ് കുമാറിനെ കണ്ടെത്തുന്നതിനായി അഴീക്കൽ തീരദേശ പോലീസിന്റെ നേതൃത്വത്തിൽ ഫിഷറീസ് വകുപ്പ്, മത്സ്യത്തൊഴിലാളികൾ, ലൈഫ്ഗാർഡുകൾ എന്നിവർ ചേർന്ന് വലിയ തോതിൽ തെരച്ചിൽ നടത്തി. മൂന്ന് ബോട്ടുകൾ ഉപയോഗിച്ചുള്ള തിരച്ചിൽ രാത്രി വൈകിയും തുടർന്നു. ഏഴിമല നാവിക അക്കാദമിയുടെ സഹായവും അധികൃതർ തേടിയിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
കണ്ണൂർ ടൗൺ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംഭവത്തെ തുടർന്ന് പയ്യാമ്പലം ബീച്ചിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാൻ നടപടി തുടങ്ങി. സ്ഥലം സന്ദർശിച്ച ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥും ടി.കെ. മോഹനൻ എം.എൽ.എയും വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി. കൂടുതൽ ലൈഫ്ഗാർഡുമാരെ നിയമിക്കുന്നതിനും അപകടസാധ്യതയുള്ള മേഖലകളിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും തീരുമാനമായതായി അധികൃതർ അറിയിച്ചു.
കടലിൽ കനത്ത വേലിയേറ്റവും ശക്തമായ അടിയൊഴുക്കും തുടരുന്ന സാഹചര്യത്തിൽ ബീച്ചുകളിലെത്തുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.