തമിഴ്നാട്ടിൽ ക്ഷേത്രനിധികളുടെ വിനിയോഗവുമായി ബന്ധപ്പെട്ട് മുൻ ഡിഎംകെ സർക്കാരിന്റെ പദ്ധതികൾ റദ്ദാക്കി മുഖ്യമന്ത്രി വിജയ് നയിക്കുന്ന ടിവികെ സർക്കാർ. ക്ഷേത്രങ്ങളുടെ വിശുദ്ധ സ്വത്തുക്കളും വരുമാനവും മതപരമായ ആവശ്യങ്ങൾക്കും ഭക്തജനക്ഷേമത്തിനുമായി മാത്രം ഉപയോഗിക്കുമെന്ന നയത്തിന്റെ ഭാഗമായാണ് 246 കോടി രൂപ ചെലവിൽ നടപ്പാക്കാനിരുന്ന 46 പദ്ധതികൾ സർക്കാർ ഉപേക്ഷിച്ചത്.
തമിഴ്നാട് ഹിന്ദു മത-ദാനധർമ്മ വകുപ്പിന്റെ (HR&CE) കീഴിൽ ക്ഷേത്രനിധി ഉപയോഗിച്ച് നടപ്പാക്കാൻ തീരുമാനിച്ചിരുന്ന 29 വിവാഹമണ്ഡപങ്ങളും 17 വാണിജ്യ സമുച്ചയങ്ങളുമാണ് റദ്ദാക്കപ്പെട്ട പദ്ധതികളിൽ ഉൾപ്പെടുന്നത്. ഇതുസംബന്ധിച്ച ഉത്തരവിൽ ജൂൺ 19-ന് മുഖ്യമന്ത്രി വിജയ് ഒപ്പുവെച്ചതായാണ് റിപ്പോർട്ടുകൾ.
മുൻ ഡിഎംകെ ഭരണകാലത്ത് ക്ഷേത്രങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിനും പൊതുജന സേവനങ്ങൾ വികസിപ്പിക്കുന്നതിനുമായി ഈ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ക്ഷേത്രസ്വത്തുക്കൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ ടിവികെ നേരത്തേ തന്നെ വിമർശനം ഉന്നയിച്ചിരുന്നു.
പുതിയ തീരുമാനപ്രകാരം ക്ഷേത്രനിധികൾ ഇനി ക്ഷേത്രങ്ങളുടെ പരിപാലനം, നവീകരണം, ആരാധനാ സൗകര്യങ്ങളുടെ വികസനം, ഭക്തജന ക്ഷേമപദ്ധതികൾ എന്നിവയ്ക്കായി മാത്രമേ വിനിയോഗിക്കൂ. ക്ഷേത്രങ്ങളുടെ മതപരവും ആത്മീയവുമായ ലക്ഷ്യങ്ങൾ സംരക്ഷിക്കുകയാണ് സർക്കാരിന്റെ നിലപാടെന്ന് അധികൃതർ വ്യക്തമാക്കി.