റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. കണ്ണൂർ ചെണ്ടയാട് കുനിയിൽ വീട്ടിൽ ഗോപാലക്കുറുപ്പിന്റെയും പദ്മാവതിയുടെയും മകനായ അഭിലാഷ് ഗോപാലകുറുപ്പ് (33) ആണ് മരിച്ച മലയാളി.
അഭിലാഷ് ഓടിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ലാൻഡ് റോവറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ലാൻഡ് റോവർ ഓടിച്ചിരുന്ന സൗദി പൗരൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന സൗദി സ്വദേശിനിയായ സ്ത്രീക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ ഇവരെ ഉടൻ അൽ നഈരിയ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ മരിച്ച അഭിലാഷിന്റെയും സൗദി പൗരന്റെയും മൃതദേഹങ്ങൾ നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇക്കാര്യം പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
അപകടവുമായി ബന്ധപ്പെട്ട് ജുബൈൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമനടപടികൾ വേഗത്തിലാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.