കൊല്ലം: ഭരണിക്കാവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി യോഗം ചേർന്നുവെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കുന്നത്തൂർ എംഎൽഎ ഉല്ലാസ് കോവൂർ വ്യക്തമാക്കി. പ്രചരിക്കുന്ന ചിത്രവും അതുമായി ബന്ധപ്പെട്ട വിവരങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് കാലത്ത് മുടങ്ങിപ്പോയ കെഎസ്ആർടിസി ബസ് സർവീസുകൾ പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി അടുത്തിടെ ഗതാഗത മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രമാണ് ചിലർ ഭരണിക്കാവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വിളിച്ചുചേർത്ത യോഗമാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നതെന്ന് എംഎൽഎ വിശദീകരിച്ചു.
ഭരണിക്കാവിലെ ഗതാഗത പ്രശ്നം സംബന്ധിച്ച് അത്തരമൊരു യോഗം നടന്നിട്ടില്ലെന്നും, പ്രചരിക്കുന്ന വിവരങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ വാർത്തകൾ പൊതുജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും അതിനാൽ മാധ്യമങ്ങളും സാമൂഹ്യമാധ്യമ ഉപയോക്താക്കളും വിവരങ്ങൾ പങ്കുവെക്കുന്നതിന് മുമ്പ് അവയുടെ ആധികാരികത ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും, ശരിയായ വിവരങ്ങൾ മാത്രമേ ജനങ്ങളിലേക്ക് എത്തിക്കാവൂ എന്നും ഉല്ലാസ് കോവൂർ എംഎൽഎ കൂട്ടിച്ചേർത്തു.