ന്യൂഡൽഹി: വനിതകൾക്കായി മാത്രം സംവരണം ചെയ്തിരിക്കുന്ന ട്രെയിൻ കമ്പാർട്ട്മെന്റുകളിൽ യാത്ര ചെയ്യുന്ന പുരുഷ യാത്രക്കാർക്കെതിരായ പിഴ ഇന്ത്യൻ റെയിൽവേ ഗണ്യമായി വർധിപ്പിച്ചു. ജൂൺ 20, 2026 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ വ്യവസ്ഥ പ്രകാരം, വനിതാ കോച്ചിൽ അനധികൃതമായി യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് ഇനി ₹2,500 വരെ പിഴ ഈടാക്കും. മുമ്പ് ഈ പിഴ ₹500 ആയിരുന്നു.
ജന വിശ്വാസ് (ഭേദഗതി വ്യവസ്ഥകൾ) നിയമം, 2026-ന്റെ ഭാഗമായി റെയിൽവേ നിയമം 1989-ലെ സെക്ഷൻ 162-ൽ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വനിതകൾക്കായി മാത്രം സംവരണം ചെയ്ത കോച്ചുകൾ, കമ്പാർട്ട്മെന്റുകൾ, ബെർത്തുകൾ, സീറ്റുകൾ എന്നിവയിൽ കണ്ടെത്തുന്ന പുരുഷ യാത്രക്കാർക്കെതിരെയാണ് പുതിയ നിയമം ബാധകമാകുന്നത്.
ടിക്കറ്റ് പരിശോധന ഉദ്യോഗസ്ഥർക്കും റെയിൽവേ സംരക്ഷണ സേനയ്ക്കും (RPF) നിയമലംഘകർക്കെതിരെ സ്ഥലത്തുവെച്ച് തന്നെ പിഴ ചുമത്താനും ആവശ്യമായാൽ സംവരണം ചെയ്തിട്ടുള്ള ഭാഗത്ത് നിന്ന് പുറത്താക്കാനും അധികാരമുണ്ട്.
വനിതാ കോച്ചുകളുടെ സുരക്ഷയും യാത്രാ സൗകര്യവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പിഴത്തുക അഞ്ചിരട്ടിയാക്കി ഉയർത്തിയതെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു. തിരക്കേറിയ സമയങ്ങളിൽ വനിതാ കോച്ചുകളിലേക്കുള്ള പുരുഷന്മാരുടെ പ്രവേശനം പതിവായി പരാതികൾക്ക് ഇടയാക്കുന്ന സാഹചര്യത്തിലാണ് നടപടി.
ഇതോടൊപ്പം തന്നെ, ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതിനുള്ള കുറഞ്ഞ പിഴ ₹250-ൽ നിന്ന് ₹500 ആയി ഉയർത്തിയതും ജൂൺ 20 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. പുകവലി, അനധികൃത കച്ചവടം, യാചന, അപകടകരമായ വസ്തുക്കൾ കൈവശം വയ്ക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്കുള്ള പിഴയും കേന്ദ്ര സർക്കാർ വർധിപ്പിച്ചിട്ടുണ്ട്.