മാളയിലെ മകളെ സന്ദർശിച്ച് മടങ്ങുന്നതിനിടെ ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ചുണങ്ങംവേലി സെന്റ് ജോസഫ് പള്ളിക്ക് സമീപം മുട്ടത്തോട്ടിൽ എം.ഒ. വർഗീസ് (65) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം 4.30ഓടെ നെടുമ്പാശ്ശേരി അത്താണി കാംകോ കമ്പനിക്ക് മുൻവശത്തെ വളവിലായിരുന്നു അപകടം. മാളയിലെ മകളുടെ വീട്ടിൽ നിന്ന് മടങ്ങിവരുന്നതിനിടെ വർഗീസ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ അങ്കമാലി ഭാഗത്ത് നിന്ന് എത്തിയ ട്രെയിലർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ വർഗീസിനെ ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.
ചൂണ്ടി വെയർഹൗസിലെ മുൻ ചുമട്ട് തൊഴിലാളിയായിരുന്ന വർഗീസിന്റെ നിര്യാണം പ്രദേശത്ത് ദുഃഖമുണർത്തി. ഇന്ന് രാവിലെ അങ്കമാലി സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം പിന്നീട് നടക്കും.
ഭാര്യ: റോസിലി.
മക്കൾ: നിധിൻ (യുകെ), നീതു (മാള).
മരുമക്കൾ: പ്രവീൺ, ആദിത്യ (യുകെ).