You are currently viewing കേരള പോലീസിന് തീരാനഷ്ടം; ദേശീയപാതയിലെ അപകടത്തിൽ പരിക്കേറ്റ എഎസ്‌ഐ പ്രശാന്ത് മരിച്ചു

കേരള പോലീസിന് തീരാനഷ്ടം; ദേശീയപാതയിലെ അപകടത്തിൽ പരിക്കേറ്റ എഎസ്‌ഐ പ്രശാന്ത് മരിച്ചു

വടകര: ദേശീയപാത 66-ൽ ഉണ്ടായ ഗുരുതര അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചോമ്പാല പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (എഎസ്‌ഐ) പുനത്തിൽ ടി.പി. പ്രശാന്ത് (53) മരണത്തിന് കീഴടങ്ങി. ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം വൈകിട്ട് 6.30 ഓടെയാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ വിയോഗം വടകരയെയും കേരള പോലീസ് സേനയെയും ദുഃഖത്തിലാഴ്ത്തി.

ജൂൺ 18-ന് ഉച്ചയ്ക്ക് 2.30 ഓടെ കേളുബസാറിനും മടപ്പള്ളിക്കും ഇടയിലുള്ള ദേശീയപാത 66-ൽ വെച്ചാണ് അപകടമുണ്ടായത്. വെള്ളികുളങ്ങരയിലെ സഹോദരിയുടെ വീട്ടിൽ സന്ദർശനം നടത്തി മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ആറുവരിപ്പാത നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിച്ചുകൊണ്ടിരുന്ന മണ്ണുമാന്തി യന്ത്രം പിറകോട്ട് എടുക്കുന്നതിനിടെ പ്രശാന്ത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ ആദ്യം മാഹി ഗവൺമെന്റ് ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡോക്ടർമാരുടെ നിരന്തര പരിശ്രമങ്ങൾക്കിടയിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ചോമ്പാല പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വെച്ചപ്പോൾ സഹപ്രവർത്തകരും ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ അന്തിമോപചാരമർപ്പിക്കാൻ എത്തി. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെയാണ് വീട്ടുവളപ്പിൽ സംസ്കാരം നടത്തിയത്.
പരേതനായ അച്യുതന്റെയും ലീലയുടെ മകനാണ് പ്രശാന്ത്. ഭാര്യ ഷീമ (പി.ആർ.ഒ, ജില്ലാ ആശുപത്രി വടകര)യും മകൻ അനൂപ് പ്രശാന്തും ഉൾപ്പെടുന്നതാണ് കുടുംബം.

Leave a Reply