ബെംഗളൂരു: സാമ്പത്തിക പ്രതിസന്ധികളെ അതിജീവിച്ച് ഇന്ത്യൻ അത്ലറ്റിക്സിൽ ചരിത്രം കുറിച്ച് കർണാടക സ്വദേശിനിയായ 25-കാരി സിന്ധുശ്രീ ജി. ദേശീയ ഇന്റർ സ്റ്റേറ്റ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 4.25 മീറ്റർ ഉയരം താണ്ടി ഇന്ത്യയുടെ വനിതാ പോൾവോൾട്ട് ദേശീയ റെക്കോർഡ് തകർത്ത സിന്ധുശ്രീ, സ്വന്തമായി പോൾ വാങ്ങാൻ സാമ്പത്തിക ശേഷിയില്ലാത്തതിനാൽ കടംവാങ്ങിയ പോൾ ഉപയോഗിച്ചാണ് ഈ നേട്ടം കൈവരിച്ചത്.
ഈ പ്രകടനത്തോടെ നിലവിലെ ദേശീയ റെക്കോർഡ് മറികടന്ന സിന്ധുശ്രീ, 4.10 മീറ്റർ എന്ന യോഗ്യതാ നിലവാരവും അനായാസം പിന്നിട്ട് 2026-ലെ ജപ്പാനിലെ നാഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലേക്കും യോഗ്യത നേടി.
സാമ്പത്തികമായി ഏറെ പിന്നാക്ക സാഹചര്യങ്ങളിലാണ് സിന്ധുശ്രീയുടെ കായികജീവിതം മുന്നേറിയത്. സ്പോൺസർമാരോ സർക്കാർ ജോലിയോ ഇല്ലാത്ത താരത്തിന്റെ കുടുംബത്തിന്റെ പ്രധാന ആശ്രയം തയ്യൽ ജോലി ചെയ്യുന്ന അമ്മയാണ്. പോൾവോൾട്ടിന് ആവശ്യമായ വിലകൂടിയ ഉപകരണങ്ങൾ വാങ്ങാൻ കഴിയാത്തതിനാൽ പലപ്പോഴും മറ്റുള്ളവരിൽ നിന്ന് കടംവാങ്ങിയ പോൾ ഉപയോഗിച്ചാണ് പരിശീലനവും മത്സരവും.
ചരിത്രനേട്ടത്തിന് പിന്നാലെ സിന്ധുശ്രീ ഈ വിജയം 2022-ൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പിതാവിന് സമർപ്പിച്ചു.
“2022-ലാണ് എന്റെ അച്ഛൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇന്ന് ഞാൻ നേടിയതെല്ലാം അച്ഛന്റെ പിന്തുണ കൊണ്ടാണ്. എല്ലാ ദിവസവും രാവിലെ എന്നെ ഓട്ടപരിശീലനത്തിന് കൊണ്ടുപോകുമായിരുന്നു. രാജ്യത്തിനായി അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കണമെന്നത് അദ്ദേഹത്തിന്റെ വലിയ സ്വപ്നമായിരുന്നു. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിലൂടെ ആ സ്വപ്നം ഞാൻ സാക്ഷാത്കരിക്കും,” സിന്ധുശ്രീ പറഞ്ഞു.
സിന്ധുശ്രീയുടെ നേട്ടം ഇന്ത്യയിലെ നിരവധി പ്രതിഭാധനരായ അത്ലറ്റുകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിലേക്കും ശ്രദ്ധ ക്ഷണിക്കുന്നതാണ്. പരിമിതമായ സൗകര്യങ്ങളും വലിയ വെല്ലുവിളികളും മറികടന്ന് ദേശീയ റെക്കോർഡും ഏഷ്യൻ ഗെയിംസ് യോഗ്യതയും നേടിയ സിന്ധുശ്രീ, നിശ്ചയദാർഢ്യത്തിന്റെയും അധ്വാനത്തിന്റെയും മികച്ച മാതൃകയായി മാറിയിരിക്കുകയാണ്.