You are currently viewing ഡൊണാൾഡ് ട്രംപ് അവന്യൂ’; ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ട്രംപ്

ഡൊണാൾഡ് ട്രംപ് അവന്യൂ’; ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ട്രംപ്

വാഷിങ്ടൺ/ഹൈദരാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഹൈദരാബാദിലെ അമേരിക്കൻ കോൺസുലേറ്റിനോട് ചേർന്നുള്ള റോഡിന് “ഡൊണാൾഡ് ട്രംപ് അവന്യു” എന്ന് പേര് നൽകിയതിന് ഇന്ത്യയ്ക്ക് നന്ദി അറിയിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ-ലൂടെയാണ് ട്രംപ് പ്രതികരിച്ചത്. “ഇന്ത്യയിലെ ഹൈദരാബാദിലെ പുതിയ ഡൊണാൾഡ് ട്രംപ് അവന്യു — ഇത്തരത്തിൽ ആദരിക്കപ്പെടുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ഞാൻ. നന്ദി,” എന്നാണ് അദ്ദേഹം കുറിച്ചത്.

തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ അമേരിക്കയുടെ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികാഘോഷമായ യുഎസ് ഫ്രീഡം 250-ന്റെ ഭാഗമായി ഹൈദരാബാദിലെ നാനക്രംഗുഡയിൽ സ്ഥിതി ചെയ്യുന്ന അമേരിക്കൻ കോൺസുലേറ്റിനോട് ചേർന്ന റോഡിന് പുതിയ പേര് നൽകി. ചടങ്ങിൽ ഇന്ത്യയിലെ അമേരിക്കൻ അംബാസഡറും സംസ്ഥാന ഉപമുഖ്യമന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെയും ഹൈദരാബാദിന്റെ ആഗോള സാങ്കേതിക-നിക്ഷേപ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിന്റെയും പ്രതീകമായാണ് ഈ തീരുമാനം സർക്കാർ വിശേഷിപ്പിച്ചത്.

എന്നാൽ ഈ തീരുമാനം ഇന്ത്യയിൽ രാഷ്ട്രീയ വിവാദത്തിനും ഇടയാക്കി. ട്രംപിന്റെ വ്യാപാരനയങ്ങളെയും മറ്റ് വിഷയങ്ങളെയും കോൺഗ്രസ് ദേശീയതലത്തിൽ വിമർശിക്കുന്ന സാഹചര്യത്തിൽ, കോൺഗ്രസ് ഭരിക്കുന്ന തെലങ്കാന സർക്കാർ അദ്ദേഹത്തിന്റെ പേരിൽ റോഡിന് പേര് നൽകിയതിനെതിരെ ഭാരതീയ ജനതാ പാർട്ടി നേതാക്കൾ വിമർശനം ഉന്നയിച്ചു. ഇത് കോൺഗ്രസിന്റെ നിലപാടുകളോട് പൊരുത്തപ്പെടാത്ത നടപടിയാണെന്നാണ് അവരുടെ ആരോപണം. വിഷയത്തിൽ മറ്റ് പ്രതിപക്ഷ കക്ഷികളും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply