കൊച്ചി: കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള രൂക്ഷമായ കുടിവെള്ള പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ലക്ഷ്യമിട്ട് ആലുവയിൽ 190 എം.എൽ.ഡി (മില്യൺ ലിറ്റർ പ്രതിദിനം) ശേഷിയുള്ള പുതിയ ജലശുദ്ധീകരണശാല സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി അറിയിച്ചു.
എറണാകുളം എംഎൽഎ ടി.ജെ. വിനോദ് നിയമസഭയിൽ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുന്നതിനിടെയാണ് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഇക്കാര്യം അറിയിച്ചത്. കൊച്ചി നഗരത്തിന്റെയും സമീപ പ്രദേശങ്ങളുടെയും വർധിച്ചുവരുന്ന കുടിവെള്ള ആവശ്യങ്ങൾ പരിഗണിച്ചാണ് പുതിയ ജലശുദ്ധീകരണശാലയുടെ നടപടികൾ ത്വരിതപ്പെടുത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
നിയമസഭയിലെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത എംഎൽഎ ടി.ജെ. വിനോദ്, കൊച്ചി നഗരത്തിന്റെയും സമീപ പ്രദേശങ്ങളുടെയും കുടിവെള്ള സുരക്ഷ ഉറപ്പാക്കാൻ പദ്ധതി എത്രയും വേഗം യാഥാർഥ്യമാകേണ്ടത് അനിവാര്യമാണെന്ന് പറഞ്ഞു. പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിനാവശ്യമായ എല്ലാ തുടർനടപടികൾക്കും ഇടപെടലുകൾക്കും ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
പുതിയ ജലശുദ്ധീകരണശാല യാഥാർഥ്യമായാൽ കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും ദീർഘകാല കുടിവെള്ള ക്ഷാമത്തിന് വലിയ തോതിൽ പരിഹാരമാകുമെന്നും കുടിവെള്ള വിതരണ ശൃംഖല കൂടുതൽ ശക്തിപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.