You are currently viewing ഭൂതത്താൻകെട്ട് ജലവൈദ്യുത പദ്ധതി ഉടൻ പൂർത്തിയാകും; അവലോകന യോഗത്തിൽ നിർണായക തീരുമാനം

ഭൂതത്താൻകെട്ട് ജലവൈദ്യുത പദ്ധതി ഉടൻ പൂർത്തിയാകും; അവലോകന യോഗത്തിൽ നിർണായക തീരുമാനം

കൊച്ചി: കോതമംഗലത്തിന്റെ ദീർഘകാല സ്വപ്നമായ ഭൂതത്താൻകെട്ട് ജലവൈദ്യുത പദ്ധതി ഉടൻ പൂർത്തിയാകുമെന്ന് വൈദ്യുതി മന്ത്രിയുടെ ഉറപ്പ് ലഭിച്ചതായി കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം അറിയിച്ചു. കൊച്ചിയിൽ വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ എറണാകുളം, ഇടുക്കി ജില്ലകളിലെ എംഎൽഎമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

2014ൽ ആരംഭിച്ച ഭൂതത്താൻകെട്ട് ജലവൈദ്യുത പദ്ധതിയുടെ സിവിൽ നിർമാണ പ്രവർത്തനങ്ങൾ 99 ശതമാനവും പൂർത്തിയായതായി യോഗത്തിൽ വിലയിരുത്തി. ചൈനയിൽ നിന്ന് ടർബൈനും ജനറേറ്ററും എത്തിക്കുന്നതോടെ പദ്ധതി പ്രവർത്തനസജ്ജമാകുമെന്നും അതുവഴി മേഖലയിലെ വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമാകുമെന്നും എംഎൽഎ വ്യക്തമാക്കി.

കോതമംഗലം മേഖലയിലെ വൈദ്യുതി പ്രതിസന്ധികളും യോഗത്തിൽ എംഎൽഎ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കുട്ടമ്പുഴയിൽ കെഎസ്ഇബിയുടെ പുതിയ സെക്ഷൻ ഓഫീസ് സ്ഥാപിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.

നീണ്ടപാറ മുതൽ പുതുപ്പാടി വരെ ദേശീയപാതയോരത്ത് ഭൂഗർഭ വൈദ്യുതി കേബിളുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിയും കെഎസ്ഇബിയും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായതായും അദ്ദേഹം അറിയിച്ചു.

Leave a Reply