You are currently viewing മെമു ട്രെയിനുകളിൽ ഭിന്നശേഷിക്കാർക്ക് പ്രത്യേക സീറ്റ് റിസർവേഷൻ; ദീർഘകാല ആവശ്യം പരിഗണിച്ച് റെയിൽവേയുടെ  നടപടി

മെമു ട്രെയിനുകളിൽ ഭിന്നശേഷിക്കാർക്ക് പ്രത്യേക സീറ്റ് റിസർവേഷൻ; ദീർഘകാല ആവശ്യം പരിഗണിച്ച് റെയിൽവേയുടെ നടപടി

ആലത്തൂർ: ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് മെമു ട്രെയിനുകളിൽ പ്രത്യേക സീറ്റ് റിസർവേഷൻ അനുവദിക്കണമെന്ന ദീർഘകാല ആവശ്യത്തിൽ റെയിൽവേ ഭാഗികമായി നടപടികൾ ആരംഭിച്ചതായി ആലത്തൂർ എംപി കെ. രാധാകൃഷ്ണൻ അറിയിച്ചു.

ഭിന്നശേഷിക്കാരുടെ സംഘടനയായ ഡി.എ.ഡബ്ല്യു.എഫ് നടത്തിയ നിരന്തര സമരങ്ങളുടെയും ഈ വിഷയത്തിൽ നടത്തിയ സജീവ ഇടപെടലുകളുടെയും ഫലമായാണ് ഈ മാറ്റത്തിന് തുടക്കമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ ചില മെമു ട്രെയിനുകളിലാണ് പ്രത്യേക സീറ്റ് റിസർവേഷൻ സംവിധാനം നടപ്പിലാക്കിത്തുടങ്ങിയിട്ടുള്ളത്. എന്നാൽ ഇത് താൽക്കാലിക പരിഹാരം മാത്രമാണെന്നും, വീൽചെയർ ഉപയോഗിക്കുന്നവർ ഉൾപ്പെടെ എല്ലാ ഭിന്നശേഷിക്കാർക്കും സുരക്ഷിതവും സുഗമവുമായി യാത്ര ചെയ്യാൻ കഴിയുന്ന തരത്തിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും എംപി ചൂണ്ടിക്കാട്ടി.

വിശാലമായ വാതിലുകൾ, പ്രത്യേക ശുചിമുറികൾ, സെക്കൻഡ് ക്ലാസ് ഗാർഡ് റൂം കം ഭിന്നശേഷി കോച്ചുകൾ എന്നിവ എല്ലാ മെമു ട്രെയിനുകളിലും പൂർണ്ണതോതിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രത്യേക സീറ്റ് റിസർവേഷൻ സംവിധാനം എല്ലാ മെമു ട്രെയിനുകളിലേക്കും വ്യാപിപ്പിക്കുന്നതിനും, ഭിന്നശേഷിക്കാർക്ക് തുല്യവും സുരക്ഷിതവുമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനുമായി തുടർന്നും ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് കെ. രാധാകൃഷ്ണൻ വ്യക്തമാക്കി.

Leave a Reply