ന്യൂഡൽഹി: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ രൂപം നൽകി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ‘വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആജീവിക മിഷൻ’ (വിബി-ജി റാം ജി) ഇന്ന് മുതൽ രാജ്യത്ത് പ്രാബല്യത്തിൽ. നിലവിലുണ്ടായിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം.ജി.എൻ.ആർ.ഇ.ജി.എ.) പദ്ധതിക്ക് പകരമായാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
പുതിയ പദ്ധതിപ്രകാരം ദേശീയ ശരാശരി പ്രതിദിന തൊഴിലുറപ്പ് വേതനം 298.08 രൂപയിൽ നിന്ന് 327.04 രൂപയായി ഉയർത്തി. ഇതോടെ കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിക്കുന്ന പ്രതിദിന വേതനം 401 രൂപയായി വർധിക്കും.
അതോടൊപ്പം, നേരത്തെ ലഭിച്ചിരുന്ന 100 തൊഴിൽദിനങ്ങൾ 125 ആയി ഉയർത്തിയതും പദ്ധതിയിലെ പ്രധാന മാറ്റമാണ്. ഇതിലൂടെ ഗ്രാമീണ കുടുംബങ്ങൾക്ക് കൂടുതൽ തൊഴിലും വരുമാനസുരക്ഷയും ഉറപ്പാക്കാനാകുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.
മുൻ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനരീതികൾ തൊഴിലാളികൾക്ക് വിവിധ പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന കേന്ദ്ര സർക്കാർ, അവ പരിഹരിച്ച് പദ്ധതി കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കുകയാണ് വിബി-ജി റാം ജിയുടെ ലക്ഷ്യമെന്ന് അറിയിച്ചു. ഗ്രാമീണ ഉപജീവനമാർഗങ്ങൾ ശക്തിപ്പെടുത്തുന്നതിനും ‘വികസിത് ഭാരത്’ ലക്ഷ്യം കൈവരിക്കുന്നതിനും പുതിയ പദ്ധതി സഹായകരമാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.