കൊല്ലം: ആന്ധ്രാപ്രദേശിലെ കാക്കിനഡയിൽ നിന്ന് അരിയുമായി പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഗിനിയിലേക്ക് പോയ ചരക്കുകപ്പൽ എൻജിൻ തകരാറിനെ തുടർന്ന് കൊല്ലം തുറമുഖത്ത് അടുപ്പിച്ചു. കൊല്ലം തുറമുഖത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വലിയ ചരക്കുകപ്പൽ ഇവിടെ എത്തി നങ്കൂരമിടുന്നത്.
ഐ.ഒ.എൽ. സഫയർ എന്ന ചരക്കുകപ്പലാണ് സാങ്കേതിക തകരാർ മൂലം യാത്ര മുടങ്ങി കൊല്ലം തീരത്തേക്ക് എത്തിച്ചത്. കപ്പലിന്റെ എൻജിനിലുണ്ടായ തകരാർ പരിഹരിക്കാൻ ഏകദേശം ഒരാഴ്ചയോളം സമയം വേണ്ടിവരുമെന്നാണ് ലഭിക്കുന്ന വിവരം.
ശ്രീലങ്കൻ പൗരനായ അബയ് സിങ് ആണ് കപ്പലിന്റെ ക്യാപ്റ്റൻ. ക്യാപ്റ്റൻ ജിസ്മോൻ ജേക്കബിന്റെ നേതൃത്വത്തിലാണ് കപ്പൽ സുരക്ഷിതമായി കൊല്ലം തുറമുഖത്ത് എത്തിച്ചത്.
കപ്പലിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം യാത്ര പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ചരക്കുകപ്പൽ എത്തിയത് കൊല്ലം തുറമുഖത്തിന്റെ പ്രവർത്തന ചരിത്രത്തിലെ സുപ്രധാന സംഭവമായാണ് വിലയിരുത്തപ്പെടുന്നത്. ഭാവിയിൽ കൂടുതൽ വാണിജ്യ കപ്പലുകൾ തുറമുഖം ഉപയോഗിക്കുന്നതിനുള്ള സാധ്യതകൾക്കും ഇത് വഴിതെളിക്കുമെന്നാണ് പ്രതീക്ഷ.