തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗൺസിലർമാർ നടത്തിയ സത്യപ്രതിജ്ഞ കേരള ഹൈക്കോടതി റദ്ദാക്കി. കേരള മുനിസിപ്പാലിറ്റി നിയമം നിർദേശിക്കുന്ന മാതൃകയ്ക്ക് വിരുദ്ധമായി വിവിധ ദേവതകളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ നടത്തിയതാണ് നടപടിക്ക് കാരണമായത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ചാണ് നിർണായക വിധി പ്രസ്താവിച്ചത്.
നിയമപ്രകാരം ജനപ്രതിനിധികൾ “ദൈവനാമത്തിൽ” അല്ലെങ്കിൽ “ദൃഢപ്രതിജ്ഞ” എന്ന രീതിയിലാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടത്. എന്നാൽ ചില കൗൺസിലർമാർ തങ്ങളുടെ ഇഷ്ടദേവതകളുടെയും സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ബലിദാനികളുടെയും പേരുകൾ ഉൾപ്പെടുത്തി സത്യപ്രതിജ്ഞ നടത്തിയതായി കോടതി കണ്ടെത്തി. ഇത് നിയമവിരുദ്ധമാണെന്നും നിശ്ചിത മാതൃകയിൽ നിന്ന് വ്യതിചലിക്കാൻ അനുവാദമില്ലെന്നും കോടതി വ്യക്തമാക്കി.
ജനാധിപത്യ വ്യവസ്ഥയിൽ നിയമം അനുശാസിക്കുന്ന സത്യപ്രതിജ്ഞാ മാതൃക കർശനമായി പാലിക്കപ്പെടേണ്ടതാണെന്ന് കോടതി നിരീക്ഷിച്ചു. “ദൈവം” എന്ന പദത്തെ വ്യക്തിപരമായ വിശ്വാസങ്ങൾക്കനുസരിച്ച് വ്യാഖ്യാനിക്കാനോ മാറ്റിസ്ഥാപിക്കാനോ കഴിയില്ലെന്നും വിധിയിൽ ചൂണ്ടിക്കാട്ടി.
അതേസമയം, കൗൺസിലർമാരുടെ അംഗത്വം കോടതി റദ്ദാക്കിയിട്ടില്ല. വിധിയുടെ അടിസ്ഥാനത്തിൽ നാല് ആഴ്ചയ്ക്കകം നിയമാനുസൃതമായി വീണ്ടും സത്യപ്രതിജ്ഞ നടത്താൻ കോടതി നിർദേശിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ പുനഃസത്യപ്രതിജ്ഞ പൂർത്തിയാക്കിയാൽ മാത്രമേ ഇവർക്ക് കൗൺസിൽ അംഗങ്ങളായി തുടരാൻ കഴിയൂ.
തിരുവനന്തപുരം കോർപ്പറേഷനിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവും സിപിഎം കൗൺസിലറുമായ അഡ്വ. എസ്.പി. ദീപക് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. സത്യപ്രതിജ്ഞാ വേളയിൽ “ശ്രീ പത്മനാഭസ്വാമി”, “ആറ്റുകാലമ്മ”, “ഉദിയന്നൂരമ്മ”, “കാവിലമ്മ”, “തിരുവല്ലം പരശുരാമൻ”, “ശ്രീനാരായണഗുരു”, “ഭാരതാംബ”, “ബലിദാനികൾ” തുടങ്ങിയ പേരുകൾ ഉപയോഗിച്ചതാണ് ഹർജിക്ക് ആധാരമായത്.
കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞാ നടപടിക്രമങ്ങളെക്കുറിച്ച് വ്യക്തമായ നിയമപരമായ സന്ദേശം നൽകുന്നതാണ് ഹൈക്കോടതിയുടെ ഈ വിധിയെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ.