You are currently viewing വിഴിഞ്ഞം തുറമുഖം മറ്റൊരു ചരിത്രനേട്ടത്തിലേക്ക്; 1000-ാമത് വാണിജ്യ കപ്പൽ എത്തുന്നു

വിഴിഞ്ഞം തുറമുഖം മറ്റൊരു ചരിത്രനേട്ടത്തിലേക്ക്; 1000-ാമത് വാണിജ്യ കപ്പൽ എത്തുന്നു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മറ്റൊരു ചരിത്ര നാഴികക്കല്ലിലേക്ക് കടക്കുകയാണ്. തുറമുഖത്തിന്റെ 1000-ാമത് വാണിജ്യ കപ്പലായ എം.എസ്.സി ലൂസിയാന (MSC Luciana) ഉടൻ വിഴിഞ്ഞത്ത് എത്തും. 2024 ജൂലൈ 11-ന് ആദ്യ വാണിജ്യ കപ്പലായ സാൻ ഫെർണാണ്ടോ (Maersk) വിഴിഞ്ഞം തുറമുഖത്ത് എത്തിയതിനു ശേഷം രണ്ട് വർഷം തികയുന്നതിന് മുമ്പേ 1000 കപ്പലുകളുടെ നേട്ടത്തിലെത്തുന്ന ലോകത്തിലെ അതിവേഗ തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞം മാറിയിരിക്കുകയാണ്.

തുറമുഖത്തിന്റെ അതിവേഗ വളർച്ചയും പ്രവർത്തന മികവും ആഗോള കപ്പൽഗതാഗത രംഗത്ത് വിഴിഞ്ഞത്തിന്റെ വർധിച്ചുവരുന്ന പ്രാധാന്യവും ഈ നേട്ടത്തിലൂടെ വീണ്ടും തെളിയിക്കപ്പെടുകയാണ്. ഇന്ത്യയുടെ പ്രധാന ട്രാൻസ്‌ഷിപ്പ്‌മെന്റ് ഹബ്ബായി ഉയർന്നുവരുന്ന വിഴിഞ്ഞം, അന്താരാഷ്ട്ര വ്യാപാരപാതകളെ ബന്ധിപ്പിക്കുന്ന നിർണായക കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്.

ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, തന്ത്രപ്രധാനമായ ഭൂമിശാസ്ത്ര സ്ഥാനം, ലോകോത്തര സേവന നിലവാരം എന്നിവയുടെ കരുത്തിൽ വിഴിഞ്ഞം തുറമുഖം ആഗോള സമുദ്രവ്യാപാര ഭൂപടത്തിൽ ശ്രദ്ധേയ സ്ഥാനം നേടിയിട്ടുണ്ട്. 1000-ാമത് കപ്പലിന്റെ വരവ് തുറമുഖത്തിന്റെ വളർച്ചാ യാത്രയിലെ മറ്റൊരു സുപ്രധാന അധ്യായമായാണ് വിലയിരുത്തപ്പെടുന്നത്.

ഈ നേട്ടം കേരളത്തിനും രാജ്യത്തിനും അഭിമാനകരമാണെന്നും, വരും വർഷങ്ങളിൽ വിഴിഞ്ഞം ലോകത്തിലെ പ്രമുഖ ട്രാൻസ്‌ഷിപ്പ്‌മെന്റ് കേന്ദ്രങ്ങളിലൊന്നായി കൂടുതൽ ശക്തമായി വളരുമെന്ന പ്രതീക്ഷയാണ് തുറമുഖ അധികൃതരും വ്യവസായ രംഗവും പങ്കുവയ്ക്കുന്നത്.

Leave a Reply