ഗവിയിലെ അങ്കണവാടി ജീവനക്കാരി മേനകയുടെ കൊലപാതകം: കുടുംബത്തിന് നഷ്ടപരിഹാരവും ശക്തമായ അന്വേഷണവും ആവശ്യപ്പെട്ട് ജെനീഷ് കുമാർ മന്ത്രിമാരെ കണ്ടു
പത്തനംതിട്ട: ഗവിയിലെ അങ്കണവാടി ജീവനക്കാരിയായ മേനക ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നും കുടുംബത്തിന് സർക്കാർ അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കെ. യു. ജെനീഷ് കുമാർ മുഖ്യമന്ത്രി വി. ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വനിതാ-ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണ എന്നിവരെ നേരിൽ കണ്ട് നിവേദനം നൽകി.
തന്റെ തൊഴിൽസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയാണ് അങ്കണവാടി ജീവനക്കാരിയായ മേനക അതിദാരുണമായി കൊല്ലപ്പെട്ടതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കേസിന്റെ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മേനകയുടെ മരണത്തെ തുടർന്ന് കുടുംബം അനാഥാവസ്ഥയിലായ സാഹചര്യത്തിൽ സർക്കാർ പ്രത്യേക നഷ്ടപരിഹാരവും സാമ്പത്തിക സഹായവും നൽകണമെന്നും ജെനീഷ് കുമാർ മന്ത്രിമാരോട് അഭ്യർഥിച്ചു. ദാരുണമായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിരവധി വിനോദസഞ്ചാരികൾ എത്തുന്ന ഗവിയിൽ സ്ഥിരം പോലീസ് എയ്ഡ് പോസ്റ്റ് ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് കൊല്ലപ്പെട്ട മേനകയുടെ കുടുംബത്തെ ഉടൻ സന്ദർശിക്കുമെന്ന് വനിതാ-ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. കുടുംബത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കിയതായി ജെനീഷ് കുമാർ പറഞ്ഞു.
മേനകയ്ക്ക് നീതി ലഭ്യമാക്കാനുള്ള പോരാട്ടത്തിൽ അന്തിമ വിജയം കാണുന്നതുവരെ കുടുംബത്തിനൊപ്പം ഉറച്ചുനിൽക്കുമെന്നും ജെനീഷ് കുമാർ പ്രതികരിച്ചു.