ദുബായ്: മാസങ്ങളായി നിയന്ത്രണങ്ങളോടെ പ്രവർത്തിച്ചിരുന്ന ദുബായിലെ കത്തോലിക്കാ ദേവാലയങ്ങൾ ജൂലൈ 1 മുതൽ 100 ശതമാനം ശേഷിയോടെ വിശ്വാസികൾക്കായി വീണ്ടും തുറന്നു. ഔദ് മേത്തയിലെ സെന്റ് മേരീസ് ദേവാലയവും ജബൽ അലിയിലെ സെന്റ് ഫ്രാൻസിസ് ഓഫ് അസീസി ദേവാലയവും ഉൾപ്പെടെയുള്ള പള്ളികളാണ് പൂർണമായി പ്രവർത്തനം പുനരാരംഭിച്ചത്.
2026 ഏപ്രിൽ മാസത്തിലായിരുന്നു ദേവാലയങ്ങളിൽ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. തിരക്ക് നിയന്ത്രിക്കുന്നതിനും വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് നടപടി സ്വീകരിച്ചത്. വാരാന്ത്യ ദിവ്യബലികളിൽ 18 വയസിന് മുകളിലുള്ളവർക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കിയതോടൊപ്പം രജിസ്റ്റർ ചെയ്യാത്തവർക്കും കുട്ടികൾക്കും പ്രവേശനം നിഷേധിച്ചിരുന്നു. കൂടാതെ ദേവാലയങ്ങളിലെ എല്ലാ ഔട്ട്ഡോർ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ചതോടെ എല്ലാ പ്രായത്തിലുമുള്ള വിശ്വാസികൾക്കും സാധാരണ രീതിയിൽ ദിവ്യബലികളിലും മറ്റ് ആരാധനാ ശുശ്രൂഷകളിലും പങ്കെടുക്കാൻ സാധിക്കും. വിശ്വാസികൾ ദേവാലയ അധികൃതരുടെ നിർദേശങ്ങൾ പാലിച്ച് ആരാധനകളിൽ പങ്കെടുക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
നിയന്ത്രണങ്ങൾ നിലവിലുണ്ടായിരുന്ന കാലയളവിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്കായി ദിവ്യബലി ഓൺലൈൻ തത്സമയ സംപ്രേഷണവും ദേവാലയങ്ങൾ ഒരുക്കിയിരുന്നു. പൂർണതോതിലുള്ള പ്രവർത്തനം പുനരാരംഭിച്ചതോടെ ദുബായിലെ മലയാളികളുൾപ്പെടെയുള്ള വലിയ കത്തോലിക്കാ വിശ്വാസിസമൂഹത്തിന് ഇത് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.