പത്തനംതിട്ട: പത്തനംതിട്ട പട്ടണത്തിന്റെ സമഗ്ര വികസനത്തിനായി പൊതുമേഖല-സ്വകാര്യ പങ്കാളിത്ത (പി.പി.പി.) മാതൃകയിൽ, ഗ്രേറ്റർ കൊച്ചി ഡെവലപ്മെന്റ് അതോറിറ്റിയുടെ മാതൃകയിൽ പത്തനംതിട്ട ഡെവലപ്മെന്റ് അതോറിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആറന്മുള എം.എൽ.എ അബിൻ വർക്കി നിയമസഭയിൽ ശ്രദ്ധ ക്ഷണിച്ചു.
ബജറ്റിന്റെ ധനവിനിയോഗ ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുത്തുകൊണ്ടായിരുന്നു എം.എൽ.എ ആറന്മുളയുടെയും പത്തനംതിട്ടയുടെയും വികസനവുമായി ബന്ധപ്പെട്ട പ്രധാന ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
ആറന്മുളയെ സംസ്ഥാനത്തിന്റെ പ്രധാന സ്പിരിച്വൽ ടൂറിസം ഹബ്ബായി വികസിപ്പിക്കുന്നതിന് പ്രത്യേക ടൂറിസം പാക്കേജ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീർഥാടന-പൈതൃക ടൂറിസത്തിന് വലിയ സാധ്യതയുള്ള പ്രദേശമായ ആറന്മുളയുടെ വിനോദസഞ്ചാര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗതാഗത മേഖലയിലെ പ്രതിസന്ധിയും എം.എൽ.എ സഭയിൽ ഉന്നയിച്ചു. കോവിഡ് മഹാമാരിക്ക് മുമ്പ് ആറന്മുള മേഖലയിലേക്ക് സർവീസ് നടത്തിയിരുന്ന ഏകദേശം 40 കെ.എസ്.ആർ.ടി.സി ബസുകൾ ഇപ്പോൾ ഏഴായി ചുരുങ്ങിയിരിക്കുകയാണെന്നും, പൊതുജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കാൻ സർവീസുകളുടെ എണ്ണം അടിയന്തരമായി വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പത്തനംതിട്ടയുടെ നഗരവികസനം, വിനോദസഞ്ചാര മേഖലയുടെ ഉന്നമനം, പൊതുഗതാഗത സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ എന്നിവ ഉൾക്കൊള്ളുന്ന സമഗ്ര വികസന കാഴ്ചപ്പാടാണ് നിയമസഭയിൽ അവതരിപ്പിച്ചതെന്ന് എം.എൽ.എ വ്യക്തമാക്കി.