
പത്തനംതിട്ട ജില്ലയിലുണ്ടായ പ്രളയത്തിൽ മന്ത്രി പി.സി. വിഷ്ണുനാഥ് സജീവമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നുവെന്ന് ആറന്മുള എംഎൽഎ അബിൻ വർക്കി. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മന്ത്രിയുടെ ഇടപെടലിനെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഓഗസ്റ്റ് ഒന്നിന് പുലർച്ചെയാണ് പത്തനംതിട്ട ജില്ലയിൽ പ്രളയ സാഹചര്യം രൂക്ഷമായതെന്ന് എംഎൽഎ പറഞ്ഞു. അന്നു മുതൽ കോഴഞ്ചേരി റസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് വിവിധ വകുപ്പുകളുടെ കൺട്രോൾ റൂം പ്രവർത്തനങ്ങൾക്ക് മന്ത്രി പി.സി. വിഷ്ണുനാഥ് നേതൃത്വം നൽകിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഓഗസ്റ്റ് രണ്ടിന് രാത്രി 11 മണിയോടെ പിരിഞ്ഞതിന് ശേഷം അർധരാത്രിയിൽ മന്ത്രി തന്നെ വിളിച്ച് മഴ ശക്തമാകാനും മിന്നൽപ്രളയ സാധ്യതയുണ്ടെന്നും ഡാം ചെറിയ തോതിൽ തുറക്കേണ്ടി വന്നാൽ ആറന്മുളയിൽ വെള്ളപ്പൊക്കം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയതായി അബിൻ വർക്കി പറഞ്ഞു.
തുടർന്ന് പുലർച്ചെ ഒന്നരയോടെ കോഴഞ്ചേരി റസ്റ്റ് ഹൗസിലെത്തിയ താൻ ആലപ്പുഴയിൽ നിന്നെത്തിയ ബോട്ടിലെ ജീവനക്കാരെ ഉണർത്തി കൂടുതൽ ബോട്ടുകൾ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയെന്നും എംഎൽഎ പറഞ്ഞു. പുലർച്ചെ മൂന്നുമണിയോടെ മന്ത്രി പി.സി. വിഷ്ണുനാഥും അവിടെ എത്തിയിരുന്നു. കൊല്ലത്തുനിന്ന് ആറ് ബോട്ടുകൾ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയ ശേഷമാണ് മന്ത്രി എത്തിയതെന്നും അബിൻ വർക്കി വ്യക്തമാക്കി.
ഇരുവരും ചേർന്ന് ആറന്മുളയിൽ വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ പഞ്ചായത്ത് അംഗങ്ങളെ നേരിട്ട് ഫോണിൽ ബന്ധപ്പെട്ട് ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റണമെന്ന് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. ആ രാത്രി തങ്ങൾ ഉറങ്ങിയില്ലെന്നും തുടർന്ന് പകൽ മുഴുവൻ റവന്യൂ മന്ത്രിയുടെ യോഗങ്ങളിലും സന്ദർശനങ്ങളിലും പങ്കെടുത്തെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
പ്രളയം ഉണ്ടായ ദിവസം മുതൽ സജീവമായി പ്രവർത്തിച്ച മന്ത്രിയെ മനഃപൂർവം അപകീർത്തിപ്പെടുത്താൻ ചിലർ ശ്രമിക്കുകയാണെന്നും അബിൻ വർക്കി ആരോപിച്ചു. പത്തനംതിട്ട ജില്ലയിൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും റവന്യൂ മന്ത്രിയും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.സി. വിഷ്ണുനാഥും ഉൾപ്പെടെ നാല് മന്ത്രിമാരുടെ നേരിട്ടുള്ള ദുരിതാശ്വാസ ഇടപെടലുകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുരന്തസാഹചര്യത്തിൽ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ഇതൊരു ദുരന്ത ഭൂമിയാണ്. നിങ്ങൾ പൊടിക്കൊന്ന് അടങ്ങണം” എന്നായിരുന്നു വിമർശകർക്കുള്ള എംഎൽഎയുടെ പ്രതികരണം.