You are currently viewing കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി; സർക്കാർ ഉത്തരവ്

കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി; സർക്കാർ ഉത്തരവ്

സംസ്ഥാനത്തെ എല്ലാ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും അടിസ്ഥാന സൗകര്യ വികസനം, യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനങ്ങൾ, ശുചിത്വം, പൊതുസൗകര്യങ്ങൾ, കാന്റീൻ സേവനങ്ങളുടെ നിലവാരം എന്നിവ ഉയർത്തുന്നതിനായി ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി (ടി.എം.സി) രൂപീകരിക്കാൻ സർക്കാർ ഉത്തരവായി. ഡിപ്പോകളുടെ സമഗ്ര വികസനത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.

ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള കരട് ബൈലോയും നിയമാവലിയും കെ.എസ്.ആർ.ടി.സി സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു. ഇത് വിശദമായി പരിശോധിച്ച സർക്കാർ, കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ നാമനിർദേശം ചെയ്യുന്ന ഒരു ഉന്നത ഉദ്യോഗസ്ഥനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥയോടെയാണ് ബൈലോയ്ക്ക് അംഗീകാരം നൽകുകയും കമ്മിറ്റി രൂപീകരിക്കാൻ അനുമതി നൽകുകയും ചെയ്തത്.

പ്രാദേശിക എം.എൽ.എ അധ്യക്ഷനായിരിക്കും കമ്മിറ്റിക്ക് നേതൃത്വം നൽകുക. പ്രാദേശിക ലോക്സഭാംഗമോ രേഖാമൂലം ചുമതലപ്പെടുത്തിയ പ്രതിനിധിയോ, ഡിപ്പോ സ്ഥിതിചെയ്യുന്ന തദ്ദേശസ്ഥാപന അധ്യക്ഷൻ, വാർഡ് അംഗം, നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ, സി.എം.ഡി നാമനിർദേശം ചെയ്യുന്ന കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ എന്നിവർ കമ്മിറ്റിയിലെ അംഗങ്ങളായിരിക്കും. യൂണിറ്റ് ഓഫീസർ കൺവീനറായിരിക്കും. എം.എൽ.എയുടെ അഭാവത്തിൽ തദ്ദേശസ്ഥാപന അധ്യക്ഷൻ യോഗത്തിൽ അധ്യക്ഷത വഹിക്കും.

കമ്മിറ്റിയുടെ ഫണ്ട് കൈകാര്യം ചെയ്യുന്നതിനായി ഷെഡ്യൂൾ ബാങ്കിൽ കൺവീനറുടെയും സി.എം.ഡി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയും സംയുക്ത പേരിൽ അക്കൗണ്ട് തുറക്കും. പൊതുജനങ്ങളിൽ നിന്നുള്ള പണവും വസ്തുരൂപത്തിലുള്ള സംഭാവനകളും, സ്പോൺസർഷിപ്പുകൾ, സി.എസ്.ആർ ഫണ്ടുകൾ എന്നിവ സ്വീകരിക്കാനും കമ്മിറ്റിക്ക് സാധിക്കും. കോർപ്പറേഷൻ അനുവദിക്കുന്ന പരിധിക്കുള്ളിൽ നിർമ്മാണ-അറ്റകുറ്റപ്പണികളും ഏറ്റെടുത്ത് നടപ്പാക്കാം. വരവ്-ചെലവ് കണക്കുകൾ കൃത്യമായി സൂക്ഷിച്ച് ഓഡിറ്റിന് വിധേയമാക്കി കമ്മിറ്റിക്ക് സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കമ്മിറ്റി കുറഞ്ഞത് മൂന്ന് മാസത്തിലൊരിക്കലെങ്കിലും യോഗം ചേരും.

ഡിപ്പോകളുടെ ശുചിത്വം, കാത്തിരിപ്പ് കേന്ദ്രങ്ങൾ, ശുചിമുറികൾ, കുടിവെള്ള സൗകര്യങ്ങൾ, യാത്രക്കാരുടെ സൗഹൃദ സംവിധാനങ്ങൾ, കാന്റീൻ സേവനങ്ങളുടെ ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യുക കമ്മിറ്റിയുടെ പ്രധാന ചുമതലയായിരിക്കും. തദ്ദേശസ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, വ്യാപാര സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണം ഉറപ്പാക്കി ഡിപ്പോ വികസനത്തിന് പുതിയ മാതൃക സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു.

സ്പോൺസർഷിപ്പുകൾ, കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) പദ്ധതികൾ, പൊതുജന സംഭാവനകൾ, മറ്റ് നിയമാനുസൃത ധനസമാഹരണ മാർഗങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി ഡിപ്പോകളുടെ വികസനത്തിനാവശ്യമായ അധിക വിഭവങ്ങൾ സമാഹരിക്കാനും കമ്മിറ്റി പ്രവർത്തിക്കും.

ഡിപ്പോ അടിസ്ഥാനത്തിലുള്ള വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗതയും കാര്യക്ഷമതയും കൈവരിക്കുന്നതിനൊപ്പം യാത്രക്കാർക്ക് മികച്ച സേവനാനുഭവം ഉറപ്പാക്കാനും കെ.എസ്.ആർ.ടി.സിയും പൊതുസമൂഹവും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റികളുടെ രൂപീകരണം നിർണായക ചുവടുവയ്പ്പാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ വ്യക്തമാക്കി.

Leave a Reply