You are currently viewing മൈനാഗപ്പള്ളി, കല്ലുമല, നാലുകോടി റെയിൽവേ മേൽപ്പാലങ്ങൾക്ക് ജി.എ.ഡി അംഗീകാരം:കൊടിക്കുന്നിൽ സുരേഷ്

മൈനാഗപ്പള്ളി, കല്ലുമല, നാലുകോടി റെയിൽവേ മേൽപ്പാലങ്ങൾക്ക് ജി.എ.ഡി അംഗീകാരം:കൊടിക്കുന്നിൽ സുരേഷ്

മാവേലിക്കര: മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമായ മൈനാഗപ്പള്ളി, കല്ലുമല, നാലുകോടി റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണത്തിനായുള്ള ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ്ങിന് (GAD) ദക്ഷിണ റെയിൽവേ അന്തിമ അംഗീകാരം നൽകിയതായി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. പദ്ധതികൾ നിർമാണഘട്ടത്തിലേക്ക് കടക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക അനുമതിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ 37 റോഡ് ഓവർബ്രിഡ്ജുകളുടെയും ഒരു റെയിൽവേ അണ്ടർബ്രിഡ്ജിന്റെയും നിർമാണച്ചെലവ് റെയിൽവേ പൂർണമായും ഏറ്റെടുക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ആദ്യം 50:50 ചെലവ് പങ്കിടൽ മാതൃകയിൽ നടപ്പാക്കാൻ തീരുമാനിച്ചിരുന്ന പദ്ധതികൾ പിന്നീട് റെയിൽവേയുടെ 100 ശതമാനം സാമ്പത്തിക സഹായത്തോടെ കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (KRDCL) ഏകോപനത്തിൽ നടപ്പാക്കുന്ന പദ്ധതികളായി മാറി.

കല്ലുമല റെയിൽവേ മേൽപ്പാലത്തിന്റെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായതിനെ തുടർന്ന് നിർമാണ പ്രവർത്തനങ്ങളുടെ പ്രാരംഭഘട്ടം ആരംഭിച്ചതായും, മൈനാഗപ്പള്ളി, നാലുകോടി മേൽപ്പാലങ്ങളുടെ കാര്യത്തിൽ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ അടിയന്തരമായി പൂർത്തിയാക്കി നിർമാണം ആരംഭിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംപി അറിയിച്ചു.

കല്ലുമല മേൽപ്പാലം സംസ്ഥാന സർക്കാരും റെയിൽവേയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ്. എന്നാൽ മൈനാഗപ്പള്ളി, നാലുകോടി, തകഴി, ചങ്ങനാശ്ശേരി വടക്കേക്കര, ആവണീശ്വരം എന്നീ മേൽപ്പാലങ്ങൾ റെയിൽവേയുടെ 100 ശതമാനം സാമ്പത്തിക സഹായത്തോടെയാണ് നിർമിക്കുന്നത്.

അതേസമയം, കുട്ടനാട് തൃപ്പക്കുടം റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണെന്നും ഈ വർഷം നവംബർ മാസത്തോടെ പ്രവൃത്തി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. തകഴി, ചങ്ങനാശ്ശേരി വടക്കേക്കര മേൽപ്പാലങ്ങളുടെ ജി.എ.ഡി. അംഗീകാരം ഉടൻ ലഭിക്കുമെന്നും ആവണീശ്വരം മേൽപ്പാല പദ്ധതിയുടെ നടപടികൾ പുരോഗമിക്കുകയാണെന്നും ദക്ഷിണ റെയിൽവേ ചീഫ് ബ്രിഡ്ജസ് എൻജിനീയർ അറിയിച്ചതായും എംപി വ്യക്തമാക്കി.

ജി.എ.ഡി. അംഗീകാരം ലഭിച്ച പദ്ധതികളുടെ നിർമാണ പുരോഗതി വിലയിരുത്തുന്നതിനും ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുമായി കെ.ആർ.ഡി.സി.എൽ., റെയിൽവേ, റവന്യൂ വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവരുടെ ഉന്നതതല യോഗം ഉടൻ വിളിച്ചുചേർക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ വിളക്കുടി ഗ്രാമപഞ്ചായത്തിൽ അനുവദിച്ച മിനി റെയിൽവേ ഓവർബ്രിഡ്ജിന്റെ തുടർനടപടികൾ അവലോകനം ചെയ്യുന്നതിനായി ഈ മാസം തന്നെ മധുര റെയിൽവേ ഡിവിഷൻ ആസ്ഥാനത്ത് പ്രത്യേക യോഗവും ചേരും.

മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ പ്രധാന റെയിൽവേ ലെവൽ ക്രോസുകളിൽ സുരക്ഷിതവും ആധുനികവുമായ മേൽപ്പാലങ്ങൾ യാഥാർഥ്യമാക്കി ജനങ്ങളുടെ യാത്രാക്ലേശത്തിനും ഗതാഗതക്കുരുക്കിനും ശാശ്വത പരിഹാരം കാണുകയെന്നതാണ് ലക്ഷ്യമെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ഓരോ പദ്ധതിയും സമയബന്ധിതമായി പൂർത്തിയാക്കി ജനങ്ങൾക്ക് സമർപ്പിക്കുന്നതിനായി കേന്ദ്ര റെയിൽവേ മന്ത്രാലയത്തോടും സംസ്ഥാന സർക്കാരിനോടും ബന്ധപ്പെട്ട ഏജൻസികളോടും ചേർന്ന് ശക്തമായ ഇടപെടലുകൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply