
കൊല്ലം: ഉമയനല്ലൂരിൽ ദേശീയപാതയുടെ ഭാഗമായി നിർമ്മിച്ച അണ്ടർപാസിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പരിഹാരനടപടികൾ ഉറപ്പാക്കാൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വിഷ്ണു മോഹൻ എംഎൽഎയും ജില്ലാ കലക്ടർ ആനി ജൂലാ തോമസ് ഉം ചേർന്നാണ് പരിശോധന നടത്തിയത്.

താൽക്കാലിക പരിഹാരമായി പ്രദേശത്ത് കൂടുതൽ ട്രാഫിക് പോലീസുകാരെ വിന്യസിക്കാൻ തീരുമാനിച്ചു. സ്കൂൾ തുറക്കുന്നതോടെ രാവിലെയും വൈകുന്നേരവും അനുഭവപ്പെടുന്ന തിരക്ക് കുറയ്ക്കുന്നതിനായി സ്കൂൾ വാനുകൾക്ക് പ്രത്യേക സമയക്രമീകരണം ഏർപ്പെടുത്താനും ധാരണയായി.
പ്രശ്നത്തിന് സ്ഥിരപരിഹാരം കണ്ടെത്തുന്നതിനായി പൊതുമരാമത്ത് വകുപ്പ്, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരുമായി അടിയന്തര യോഗം ചേരാനും തീരുമാനിച്ചു. കൂടാതെ, കൊട്ടിയം–പറക്കുളം റോഡ് നവീകരിക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കുമെന്ന് അധികൃതർ അറിയിച്ചു.
മഴക്കാലത്ത് അണ്ടർപാസിൽ പതിവായി ഉണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ഡ്രൈനേജ് സംവിധാനം നവീകരിക്കണമെന്ന് ദേശീയപാത ഉദ്യോഗസ്ഥർക്ക് എംഎൽഎയും ജില്ലാ കലക്ടറും നിർദേശം നൽകി.
ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.