
തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കാൻ റവന്യു വകുപ്പ് അംഗീകാരം നൽകി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (ILDM) സമർപ്പിച്ച സ്റ്റഡി റിപ്പോർട്ടിനും സാൻഡ് ഓഡിറ്റിംഗിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (SOP) ക്കുമാണ് റവന്യു വകുപ്പ് അംഗീകാരം നൽകിയത്.

സാൻഡ് ഓഡിറ്റിംഗിന്റെ ഭാഗമായി സംസ്ഥാനത്തെ 11 ജില്ലകളിലൂടെ ഒഴുകുന്ന 17 നദികളിൽ നിന്ന് നിയന്ത്രിത രീതിയിൽ മണൽവാരാൻ ശുപാർശ ചെയ്തിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണവും നദീതടങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്ന കർശന മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും മണൽ ഖനനം നടത്തുക എന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
2017-ൽ പരിസ്ഥിതി പ്രശ്നങ്ങളും അനിയന്ത്രിത മണൽവാരലും ഉയർന്ന പശ്ചാത്തലത്തിലായിരുന്നു സംസ്ഥാനത്ത് നദിമണൽ ഖനനത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. തുടർന്ന് നിർമ്മാണ മേഖലയിലടക്കം മണലിന്റെ ക്ഷാമവും വിലക്കയറ്റവും രൂക്ഷമായിരുന്നു. പുതിയ തീരുമാനത്തോടെ നിർമാണ മേഖലയ്ക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം, പരിസ്ഥിതി സംഘടനകൾ നദികളുടെ സ്വാഭാവിക ഒഴുക്കിനും ജലലഭ്യതയ്ക്കും തിരിച്ചടിയുണ്ടാകാതിരിക്കാനുള്ള കർശന നിരീക്ഷണം അനിവാര്യമാണെന്ന് ആവശ്യപ്പെട്ടു. ജില്ലാതല സമിതികളുടെ മേൽനോട്ടത്തോടെയും ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലുമായിരിക്കും മണൽവാരൽ നടപ്പാക്കുകയെന്നാണ് സർക്കാർ വിശദീകരണം.