ഒറ്റപ്പാലം: 2025-26 സാമ്പത്തിക വർഷത്തെ എം.എൽ.എ പ്രത്യേക വികസന നിധിയിൽ നിന്ന് ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കായി അനുവദിച്ച കമ്പ്യൂട്ടറുകൾ വിതരണം ചെയ്തു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വക്കേറ്റ് കെ. പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.
വിദ്യാർത്ഥികൾക്ക് ആധുനിക പഠനസൗകര്യങ്ങൾ ഉറപ്പാക്കുകയും ഡിജിറ്റൽ വിദ്യാഭ്യാസം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ മാർച്ച് മാസത്തിൽ നിയോജക മണ്ഡലത്തിലെ മുഴുവൻ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കും കമ്പ്യൂട്ടറുകൾ വിതരണം ചെയ്തിരുന്നു. രണ്ടാം ഘട്ടത്തിൽ വിദ്യാർത്ഥികളുടെ എണ്ണം കൂടുതലുള്ള സ്കൂളുകൾക്കും ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകൾക്കുമാണ് അധിക കമ്പ്യൂട്ടറുകൾ അനുവദിച്ചത്.
ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി. രാമകൃഷ്ണൻ, ഒറ്റപ്പാലം എ.ഇ.ഒ പി.പി. ശിവകുമാർ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ മോഹൻദാസ്, പാലപ്പുറം എ.ജെ.ബി.എസ് പ്രധാനാധ്യാപകൻ ടി.കെ. ഗോവിന്ദൻകുട്ടി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
കമ്പ്യൂട്ടറുകളുടെ വിതരണം സ്കൂളുകളിലെ ഐ.ടി അധിഷ്ഠിത പഠന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിദ്യാർത്ഥികൾക്ക് മികച്ച ഡിജിറ്റൽ പഠനാനുഭവം ഒരുക്കുന്നതിനും സഹായകരമാകുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.