കോയമ്പത്തൂർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള മധുക്കരൈയിൽ പ്രവർത്തിക്കുന്ന എഐ (കൃത്രിമ ബുദ്ധി) അധിഷ്ഠിത ആന നിയന്ത്രണ, കമാൻഡ് കേന്ദ്രം വന്യജീവി സംരക്ഷണത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചതായി തമിഴ്നാട് സർക്കാരിന്റെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
“പൂജ്യം മരണം – അതാണ് ഞങ്ങളുടെ ദൗത്യം” എന്ന സന്ദേശത്തോടെയാണ് അവർ ഈ സംവിധാനത്തിന്റെ വിജയങ്ങൾ പങ്കുവെച്ചത്. വനപാലകർ, പട്രോളിംഗ് സംഘം, ലോക്കോ പൈലറ്റുമാർ, ഡ്രോൺ ഓപ്പറേറ്റർമാർ, കൺട്രോൾ സെന്റർ ജീവനക്കാർ എന്നിവരുടെ 24 മണിക്കൂർ ജാഗ്രതയും എഐ സാങ്കേതികവിദ്യയും ചേർന്നാണ് ആനകളുടെ സുരക്ഷ ഉറപ്പാക്കുന്നതെന്ന് അവർ വ്യക്തമാക്കി.
കഴിഞ്ഞ രണ്ടര വർഷത്തിനിടെ ഈ സംവിധാനം 9,481 സുരക്ഷിത ആന സഞ്ചാരം സാധ്യമാക്കിയതോടെ റെയിൽവേ ട്രാക്കുകളിൽ ഒരു ആനയുടെ പോലും മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ കാലയളവിൽ റെയിൽവേ അധികൃതർക്കും ലോക്കോ പൈലറ്റുമാർക്കും 7,116-ലധികം തത്സമയ മുന്നറിയിപ്പുകൾ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 3,821 തവണ ട്രെയിനുകളുടെ വേഗം കുറയ്ക്കുകയോ ട്രെയിനുകൾ താൽക്കാലികമായി നിർത്തുകയോ ചെയ്ത് ആനകൾക്ക് സുരക്ഷിതമായി ട്രാക്ക് മുറിച്ചുകടക്കാൻ അവസരമൊരുക്കി.
ആനകളെ മാത്രമല്ല, മാൻ, കാട്ടുപോത്ത് (ഗൗർ), പുള്ളിപ്പുലി എന്നിവയെയും ഈ എഐ സംവിധാനം തിരിച്ചറിയുന്നുണ്ട്. ഇതിലൂടെ വന്യജീവികളുടെ സഞ്ചാരം നിരീക്ഷിക്കാൻ കഴിയുന്ന സമഗ്രമായ എഐ അധിഷ്ഠിത നിരീക്ഷണ ശൃംഖല രൂപപ്പെട്ടതായി അധികൃതർ പറയുന്നു.
നിരീക്ഷണം കൂടുതൽ വ്യാപിപ്പിക്കുന്നതിനായി എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഡ്രോണുകളും സർക്കാർ വിന്യസിച്ചിട്ടുണ്ട്. സ്ഥിരമായി സ്ഥാപിച്ചിട്ടുള്ള താപ ക്യാമറകൾക്ക് പുറമെ വിശാല പ്രദേശങ്ങളിലാകെ ആനകളുടെ സഞ്ചാരം തത്സമയം നിരീക്ഷിക്കാൻ ഇതിലൂടെ സാധിക്കും.
ഒരു സംവിധാനവും പൂർണമായും പിഴവുകളില്ലാത്തതല്ലെന്നും, എന്നാൽ നിരന്തരം പഠിച്ചും മെച്ചപ്പെടുത്തിയും മുന്നോട്ട് പോകേണ്ടത് അനിവാര്യമാണെന്നും സുപ്രിയ സാഹു പറഞ്ഞു. വന്യജീവി സംരക്ഷണത്തിനായി രാവും പകലും പ്രവർത്തിക്കുന്ന വനപാലകരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും അർപ്പണബോധത്തെയും അവർ പ്രത്യേകം അഭിനന്ദിച്ചു.