കുളത്തൂപ്പുഴ: മലയാള ചലച്ചിത്ര സംഗീതലോകത്തിന്റെ ഇതിഹാസ സംഗീതസംവിധായകനായിരുന്ന രവീന്ദ്രൻ മാസ്റ്ററുടെ സ്മരണയ്ക്കായി കുളത്തൂപ്പുഴയിൽ നിർമ്മാണം പുരോഗമിക്കുന്ന സ്മാരകത്തിന്റെ തുടർനിർമാണ പ്രവർത്തനങ്ങൾക്ക് സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് സിനിമ-സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. സ്മാരകം സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
38 സെന്റ് സ്ഥലത്ത് നിർമ്മിക്കുന്ന സ്മാരകത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. പ്രധാന കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണെന്നും ഏകദേശം ഒരു കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നും അധികൃതർ അറിയിച്ചു. സാംസ്കാരിക വകുപ്പും കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് സ്മാരക നിർമ്മാണം നടത്തുന്നത്.
തുടർനിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി പദ്ധതി എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.
സ്മാരകത്തിന്റെ ഭാഗമായുള്ള ‘രാഗസരോവരം’ ഓപ്പൺ എയർ ഓഡിറ്റോറിയം വരുമാനദായകമായ പദ്ധതിയായി വികസിപ്പിക്കാമെന്നും അതിനാവശ്യമായ തുടർനടപടികൾ പഞ്ചായത്ത് സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സൈനബബീവി, വൈസ് പ്രസിഡന്റ് സാബു എബ്രഹാം, പഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സന്ദർശനത്തിൽ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.