ന്യൂഡൽഹി: ഇന്ത്യൻ-അമേരിക്കൻ വംശജനും മലയാളി വേരുകളുള്ള ബഹിരാകാശ സഞ്ചാരിയുമായ ഡോ. അനിൽ മേനോൻ ചരിത്രനേട്ടവുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തി. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ സോയൂസ് എംഎസ്-29 പേടകത്തിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര.
കസാക്കിസ്ഥാനിലെ ബൈക്കോണൂർ കോസ്മോഡ്രോമിൽ നിന്ന് ഇന്ത്യൻ സമയം ജൂലൈ 14-ന് രാത്രി 8.17-നാണ് സോയൂസ് എംഎസ്-29 വിക്ഷേപിച്ചത്. മൂന്ന് മണിക്കൂറിലധികം നീണ്ട യാത്രയ്ക്കൊടുവിൽ രാത്രി 11.26-ഓടെ പേടകം ഐഎസ്എസിലെ പ്രിചാൽ മോഡ്യൂളിൽ വിജയകരമായി ഘടിപ്പിച്ചു. തുടർന്ന് ബുധനാഴ്ച പുലർച്ചെ 1.25-ഓടെ അനിൽ മേനോനും സഹയാത്രികരും ബഹിരാകാശ നിലയത്തിനുള്ളിലേക്ക് പ്രവേശിച്ചു.
ഏകദേശം എട്ട് മാസത്തോളം നീളുന്ന ദൗത്യത്തിൽ അനിൽ മേനോനൊപ്പം റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടർ ഡുബ്രോവും അന്ന കികിനയും ഐഎസ്എസിൽ പ്രവർത്തിക്കും. ദീർഘകാല ബഹിരാകാശ യാത്ര മനുഷ്യശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ, മൈക്രോഗ്രാവിറ്റിയിലെ രക്തയോട്ടവും സിരകളുടെ ഘടനയിലുണ്ടാകുന്ന വ്യതിയാനങ്ങളും, ബഹിരാകാശത്ത് ലഭ്യമായ കുടിവെള്ളം ഉപയോഗിച്ച് ഐവി ഫ്ലൂയിഡ് നിർമ്മിക്കുന്ന സാങ്കേതികവിദ്യയും ഉൾപ്പെടെയുള്ള നിർണായക ഗവേഷണങ്ങളാണ് ദൗത്യത്തിന്റെ ഭാഗമായി നടത്തുക.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരൻ മേനോന്റെയും ഉക്രൈൻ സ്വദേശിയായ എലിസബത്തിന്റെയും മകനായ അനിൽ മേനോൻ അമേരിക്കയിലാണ് ജനിച്ചത്. എമർജൻസി മെഡിസിൻ വിദഗ്ധനും മുൻ അമേരിക്കൻ വ്യോമസേന ഉദ്യോഗസ്ഥനുമായ അദ്ദേഹം, നാസയിൽ ചേരുന്നതിന് മുമ്പ് സ്പേസ് എക്സിന്റെ ആദ്യ ഫ്ലൈറ്റ് സർജനും മെഡിക്കൽ ഡയറക്ടറുമായി സേവനമനുഷ്ഠിച്ചിരുന്നു. മലയാളി വേരുകളുള്ള ഒരു ശാസ്ത്രജ്ഞൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദീർഘകാല ദൗത്യത്തിന്റെ ഭാഗമാകുന്നത് ഇന്ത്യൻ സമൂഹത്തിനും മലയാളികൾക്കും അഭിമാന നിമിഷമായാണ് വിലയിരുത്തപ്പെടുന്നത്.