തിരുവനന്തപുരം: പാലരുവി എക്സ്പ്രസ് (16791/16792), മധുര–ഗുരുവായൂർ എക്സ്പ്രസ് (16327/16328) എന്നീ ട്രെയിനുകൾ ആധുനിക എൽഎച്ച്ബി (ലിങ്കെ ഹോഫ്മാൻ ബുഷ്) കോച്ചുകളിലേക്ക് മാറുന്നുവെന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.
2026 ജൂലൈ 20 മുതൽ പാലരുവി എക്സ്പ്രസും ജൂലൈ 26 മുതൽ മധുര–ഗുരുവായൂർ എക്സ്പ്രസും എൽഎച്ച്ബി കോച്ചുകളുമായി സർവീസ് ആരംഭിക്കും. കൂടുതൽ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കുന്ന ഈ മാറ്റം യാത്രക്കാർ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്ന ഒന്നാണെന്നും എംപി ചൂണ്ടിക്കാട്ടി.
ദീർഘദൂര യാത്രക്കാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് പാലരുവി എക്സ്പ്രസിൽ ഒരു തേർഡ് എസി കോച്ച് കൂടി ഉൾപ്പെടുത്തുമെന്നും എംപി അറിയിച്ചു. ഇതിലൂടെ യാത്രക്കാർക്ക് കൂടുതൽ സീറ്റുകളും മെച്ചപ്പെട്ട യാത്രാസൗകര്യവും ലഭിക്കുമെന്നാണ് പ്രതീക്ഷ.
പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും കേരളത്തിന് ലഭ്യമാക്കുന്നതിൽ നേരത്തേ തന്റെ ഇടപെടൽ നിർണായകമായിരുന്നുവെന്നും, റെയിൽവേ മന്ത്രാലയവുമായി നടത്തിയ തുടർച്ചയായ ഇടപെടലുകളുടെ മറ്റൊരു ഫലമായാണ് ഇപ്പോൾ എൽഎച്ച്ബി കോച്ചുകൾ അനുവദിച്ചതെന്നും കൊടിക്കുന്നിൽ സുരേഷ് അവകാശപ്പെട്ടു.
അമൃത എക്സ്പ്രസിനും എൽഎച്ച്ബി കോച്ചുകൾ അനുവദിക്കണമെന്ന ആവശ്യം റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും, അതും എത്രയും വേഗം യാഥാർഥ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.