You are currently viewing ഡെങ്കിപ്പനി വ്യാപനം; കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും വർക്ക് ഷോപ്പുകളിലും അടിയന്തര കൊതുക് നിവാരണ നടപടി

ഡെങ്കിപ്പനി വ്യാപനം; കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും വർക്ക് ഷോപ്പുകളിലും അടിയന്തര കൊതുക് നിവാരണ നടപടി

സംസ്ഥാനത്ത് ഡെങ്കിപ്പനി, ചിക്കൻഗുനിയ, മലേറിയ തുടങ്ങിയ കൊതുക് പരത്തുന്ന രോഗങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും വർക്ക് ഷോപ്പുകളിലും അടിയന്തര പ്രതിരോധ നടപടികൾക്ക് തുടക്കമായി. ജീവനക്കാരുടെയും യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ യൂണിറ്റുകൾക്കും കർശന നിർദേശങ്ങൾ നൽകിയിരിക്കുന്നത്.

കൊതുക് വളരാൻ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. വർക്ക് ഷോപ്പുകളിൽ സൂക്ഷിച്ചിരിക്കുന്ന പഴയതും പുതിയതുമായ ടയറുകളിൽ മഴവെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. ടയറുകൾ ഷെഡ്ഡുകൾക്കുള്ളിലോ ടാർപോളിൻ ഉപയോഗിച്ച് മൂടിയോ സൂക്ഷിക്കണമെന്നും, തുറസ്സായ സ്ഥലങ്ങളിൽ സൂക്ഷിക്കേണ്ടി വന്നാൽ വെള്ളം കെട്ടിനിൽക്കാത്ത രീതിയിൽ ക്രമീകരിക്കുകയോ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ ഒരുക്കുകയോ വേണമെന്നും നിർദേശത്തിൽ പറയുന്നു.

എല്ലാ ശനിയാഴ്ചയും എല്ലാ യൂണിറ്റുകളിലും വർക്ക് ഷോപ്പുകളിലും നിർബന്ധമായും ‘ഡ്രൈ ഡേ’ ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കപ്പുകൾ, കുപ്പികൾ, ചിരട്ടകൾ, കാനുകൾ, സ്ക്രാപ്പ് വസ്തുക്കൾ എന്നിവ നീക്കം ചെയ്ത് പരിസരം ശുചിയാക്കണം. ഗ്യാരേജുകളിലും വർക്ക് ഷോപ്പ് പരിസരങ്ങളിലുമുള്ള വെള്ളക്കെട്ടുകൾ മണ്ണോ മെറ്റലോ ഉപയോഗിച്ച് നികത്തുകയും ഡ്രെയിനേജ് സംവിധാനങ്ങളിലെ തടസ്സങ്ങൾ നീക്കി വെള്ളം സുഗമമായി ഒഴുകുന്ന സാഹചര്യം ഉറപ്പാക്കുകയും വേണം.

കൊതുക് ലാർവകൾ വളരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ആവശ്യമായിടത്ത് ബ്ലീച്ചിംഗ് പൗഡറോ കൊതുക് നാശിനികളോ ഉപയോഗിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. അതത് യൂണിറ്റ് ഓഫീസർമാരും വർക്ക് ഷോപ്പ് ഇൻ-ചാർജുമാരും ആഴ്ചതോറും പരിശോധന നടത്തി കൊതുക് ഉൽപ്പാദന കേന്ദ്രങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും, എല്ലാ നിർദേശങ്ങളും കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട അധികാരികൾ ഉറപ്പാക്കണമെന്നും കെ.എസ്.ആർ.ടി.സി നിർദേശിച്ചു.

“പൊതുജനങ്ങൾക്കും ജീവനക്കാർക്കും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഒരുക്കുക എന്നത് കെ.എസ്.ആർ.ടി.സിയുടെ പ്രധാന ഉത്തരവാദിത്തമാണ്. മഴക്കാലത്ത് കൊതുക് പരത്തുന്ന രോഗങ്ങൾ വ്യാപിക്കാനുള്ള സാധ്യത കൂടുതലായതിനാൽ എല്ലാ യൂണിറ്റുകളിലും ശുചിത്വ പ്രവർത്തനങ്ങളും പ്രതിരോധ നടപടികളും കർശനമായി നടപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഓരോ ജീവനക്കാരനും ഈ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകണം,” എന്ന് കെ.എസ്.ആർ.ടി.സി ചെയർമാനും മാനേജിംഗ് ഡയറക്ടറും വ്യക്തമാക്കി.

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി എല്ലാ ഡിപ്പോകളിലും വർക്ക് ഷോപ്പുകളിലും ശുചിത്വ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും പകർച്ചവ്യാധി പ്രതിരോധ നടപടികൾ കാര്യക്ഷമമായി നടപ്പാക്കുകയും ചെയ്യുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

Leave a Reply