You are currently viewing സ്ത്രീകൾക്ക് സുരക്ഷിത രാത്രിയാത്ര; കെ.എസ്.ആർ.ടി.സിയുടെ ‘പിങ്ക് ബസ്’ സർവീസ് ഇന്ന് മുതൽ

സ്ത്രീകൾക്ക് സുരക്ഷിത രാത്രിയാത്ര; കെ.എസ്.ആർ.ടി.സിയുടെ ‘പിങ്ക് ബസ്’ സർവീസ് ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാ യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും വിശ്വസനീയവുമായ രാത്രിയാത്രാ സൗകര്യം ഉറപ്പാക്കുന്നതിനായി കെ.എസ്.ആർ.ടി.സി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന ‘പിങ്ക് ബസ്’ സർവീസുകൾ ഇന്ന് (ജൂലൈ 23) മുതൽ സർവീസ് ആരംഭിക്കും. സർക്കാരിന്റെ നൂറുദിന കർമപരിപാടികളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ നിർവഹിക്കും.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലെ ടെക്നോപാർക്ക് റൂട്ടിലാണ് സർവീസ് ആരംഭിക്കുന്നത്. കിഴക്കേകോട്ടയിൽ നിന്ന് പുറപ്പെടുന്ന ബസ് തമ്പാനൂർ, പട്ടം, മെഡിക്കൽ കോളേജ് (ആർ.സി.സി.), ഉള്ളൂർ, കഴക്കൂട്ടം, ടെക്നോപാർക്ക്, ഇൻഫോസിസ്, ലുലു മാൾ, കിംസ് ആശുപത്രി എന്നിവിടങ്ങൾ വഴി സർവീസ് നടത്തും.

രാത്രി ഒൻപത് മണിക്ക് ശേഷം നഗരത്തിലെത്തുന്ന വനിതാ യാത്രക്കാർ, ആശുപത്രി ജീവനക്കാർ, സിനിമ കഴിഞ്ഞിറങ്ങുന്നവർ, തമ്പാനൂരിലെ റെയിൽവേ സ്റ്റേഷനിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും, രാത്രി 10 മുതൽ രാവിലെ 5 വരെ വിവിധ ഷിഫ്റ്റുകളിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന ഐ.ടി. ജീവനക്കാരും ഉൾപ്പെടെ നിരവധി പേർക്ക് ഈ സർവീസ് ഏറെ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. രാത്രികാല പൊതുഗതാഗതം ശക്തിപ്പെടുത്തണമെന്ന ആവശ്യവുമായി ‘പ്രതിധ്വനി’ സംഘടന നൽകിയ നിവേദനവും പദ്ധതിയുടെ രൂപീകരണത്തിൽ പരിഗണിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

തിരുവനന്തപുരം, എറണാകുളം ഡിപ്പോകളിൽ നിന്നുള്ള ഏറ്റവും പുതിയ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് നിലവിൽ പിങ്ക് സർവീസിനായി വിന്യസിച്ചിരിക്കുന്നത്. രാത്രികാലങ്ങളിൽ സാധാരണ ബസ് സർവീസുകളുടെ അഭാവത്തിൽ ഉയർന്ന ചെലവിൽ മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന വനിതകൾക്ക് സുരക്ഷിതവും ചെലവുകുറഞ്ഞതുമായ യാത്രാ ബദലാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

ഭാവിയിൽ സർവീസുകളുടെ കൃത്യമായ സമയപാലനവും യാത്രക്കാരുടെ സൗകര്യവും ഉറപ്പാക്കുന്നതിനായി ഓൺലൈൻ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തുന്നതും ഇലക്ട്രിക് ബസുകൾ പിങ്ക് സർവീസിന്റെ ഭാഗമാക്കുന്നതും പരിഗണനയിലുണ്ടെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു.

സ്ത്രീസൗഹൃദ പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുകയും രാത്രിയാത്ര സുരക്ഷിതമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി ‘പിങ്ക് ബസ്’ പദ്ധതി ആരംഭിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply