ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയെ അടുത്ത ഐക്യരാഷ്ട്രസഭ (യുഎൻ) സെക്രട്ടറി ജനറലായി കാണാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഗ്രഹിക്കുന്നതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
കായികരംഗത്തിലൂടെ ലോക രാജ്യങ്ങളെ ഒന്നിപ്പിക്കാൻ ആവശ്യമായ ആഗോള സ്വാധീനവും നേതൃത്വപരമായ കഴിവും ഇൻഫന്റിനോയ്ക്കുണ്ടെന്നാണ് ട്രംപ് വിശ്വസിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. വിവിധ രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിച്ച അനുഭവം അദ്ദേഹത്തെ യുഎൻ നേതൃത്വത്തിന് അനുയോജ്യനാക്കുമെന്നാണ് ട്രംപിന്റെ നിലപാടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
നിലവിലെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ കാലാവധി ഈ വർഷാവസാനത്തോടെ അവസാനിക്കും. പുതിയ സെക്രട്ടറി ജനറലിനെ നിയമിക്കുന്നതിന് മുമ്പ് സ്ഥാനാർഥിക്ക് 15 അംഗ ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിന്റെ പിന്തുണ നേടേണ്ടതുണ്ട്. തുടർന്ന് യുഎൻ ജനറൽ അസംബ്ലിയുടെ അംഗീകാരവും ലഭിക്കണം.
അതേസമയം, ഇൻഫന്റിനോയുടെ പേര് സംബന്ധിച്ച് യുഎസോ ഫിഫയോ ഐക്യരാഷ്ട്രസഭയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ടിനെ തുടർന്നാണ് വിഷയം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നത്.