പിറവം നിയോജകമണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയതായി പിറവം എംഎൽഎ അനൂപ് ജേക്കബ് അറിയിച്ചു. റോഡ്, റവന്യു, റെയിൽവേ അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികളിലാണ് നിലവിൽ പുരോഗതി കൈവരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചിത്രപ്പുഴ–മാമല ബണ്ട് റോഡിന്റെ അവശേഷിക്കുന്ന ഭാഗത്തെ സർവേ നടപടികൾ പൂർത്തിയായതായി എംഎൽഎ അറിയിച്ചു. ഇതോടെ പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
പേപ്പതി–പാഴൂർ റോഡിലെ അപകടസാധ്യതയുള്ള വളവുകൾ നിവർത്തുന്നതിനുള്ള സർവേ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
മുളന്തുരുത്തി റവന്യു ടവർ നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എംഎൽഎ അറിയിച്ചു. കൂടാതെ, ഏറെക്കാലമായി പ്രദേശവാസികൾ ആവശ്യപ്പെടുന്ന മുളന്തുരുത്തി–കുരീക്കാട് റെയിൽവേ മേൽപ്പാല പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ അടുത്ത രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ തീരുമാനമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്ഡലത്തിലെ അടിസ്ഥാനസൗകര്യ വികസനം ശക്തിപ്പെടുത്തുകയും ജനങ്ങളുടെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്ന പദ്ധതികളാണ് ഇവയെന്നും, നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ പുരോഗമിക്കുകയാണെന്നും അനൂപ് ജേക്കബ് കൂട്ടിച്ചേർത്തു.