You are currently viewing അനധികൃത മണ്ണെടുപ്പിനെതിരെ കര്‍ശന നടപടി; ലഹരി വിരുദ്ധ ‘ഓപ്പറേഷന്‍ തൂഫാന്‍’ ശക്തമാക്കും

അനധികൃത മണ്ണെടുപ്പിനെതിരെ കര്‍ശന നടപടി; ലഹരി വിരുദ്ധ ‘ഓപ്പറേഷന്‍ തൂഫാന്‍’ ശക്തമാക്കും

പത്തനംതിട്ട: റാന്നി നിയോജക മണ്ഡലത്തിലെ അനധികൃത മണ്ണെടുപ്പിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പഴകുളം മധു എംഎല്‍എ അറിയിച്ചു. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ജില്ല ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗത്തിലായിരുന്നു എംഎല്‍എയുടെ പ്രതികരണം.

റാന്നി പാലം നിര്‍മാണത്തിനായി ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായി സ്ഥാപിച്ച അതിര്‍ത്തിക്കല്ലുകളില്‍ പലതും സ്ഥാനം മാറുകയോ നീക്കം ചെയ്യപ്പെടുകയോ ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തിക്കല്ലുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുനഃസ്ഥാപിച്ച് പാലം നിര്‍മാണം വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഉന്നത മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ജില്ല പട്ടികവര്‍ഗ വികസന ഓഫീസര്‍ വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുറുമ്പന്‍മുഴി നടപ്പാലത്തിന്റെ നിര്‍മാണ പുരോഗതി യോഗം വിലയിരുത്തി. വലിയ പതാല്‍–ചേത്തയ്ക്കല്‍ മേഖലയിലെ പട്ടയ വിതരണം, പെരുന്നാട് വില്ലേജിലെ ഡിജിറ്റല്‍ സര്‍വേ എന്നിവയും ചര്‍ച്ചയായി. വടശ്ശേരിക്കര–കുമ്പളത്താമണ്‍ മേഖലയില്‍ മൂന്ന് കിലോമീറ്റര്‍ സൗരോര്‍ജ വേലി സ്ഥാപിച്ചതോടെ കാട്ടാനശല്യം കുറയാന്‍ സഹായമായതായി എംഎല്‍എ അറിയിച്ചു. കാട്ടാനകളെ സുരക്ഷിതമായി വനത്തിലേക്ക് തിരിച്ചയക്കുന്നതിനായി പട്രോളിംഗ് ശക്തമാക്കിയതായും, മുക്കുഴിയില്‍ ഔട്ട്‌പോസ്റ്റും വടശ്ശേരിക്കര കേന്ദ്രമായി സാറ്റലൈറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമും പ്രവര്‍ത്തനം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

ലഹരി വില്‍പന തടയുന്നതിനുള്ള ‘ഓപ്പറേഷന്‍ തൂഫാന്‍’ കൂടുതല്‍ ശക്തമാക്കുമെന്ന് സി. വി. ശാന്തകുമാര്‍ എംഎല്‍എ അറിയിച്ചു. പന്തളം, അടൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് ഡാന്‍സാഫും നാര്‍ക്കോട്ടിക് സെല്ലും ചേര്‍ന്ന് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ജൂണ്‍ മാസത്തില്‍ മാത്രം ഈ മേഖലകളില്‍ 46 പരിശോധനകള്‍ നടത്തിയതായി അദ്ദേഹം വ്യക്തമാക്കി. അടൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മാണവും പന്തളം ബൈപ്പാസ് പദ്ധതിയുടെ പുരോഗതിയും യോഗം വിലയിരുത്തി. അടൂര്‍ സെന്‍ട്രല്‍ മൈതാനത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും നിര്‍ദേശം നല്‍കി.

ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട് സ്‌കൂബ ടീമിനെ നിയോഗിച്ചതായി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അറിയിച്ചു. ശബരിമല സീസണിന് മുന്നോടിയായി പമ്പയിലേക്കുള്ള പാതയില്‍ സൗരോര്‍ജ ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അടൂര്‍ ജനറല്‍ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ജില്ലയിലെ തെരുവുനായ ശല്യത്തിന് പരിഹാരം കാണുകയും വേണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി തോപ്പില്‍ ഗോപകുമാര്‍ ആവശ്യപ്പെട്ടു.

ജില്ലാ കലക്ടര്‍ എ. നിസാമുദ്ദീന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എഡിഎം ആര്‍. രാജലക്ഷ്മി, ജില്ല പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ സുനില്‍ സേവ്യര്‍ എന്നിവരുള്‍പ്പെടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Leave a Reply