
ന്യൂഡൽഹി: ദുബായിലെ ഇറാനിയൻ ആശുപത്രി പ്രവർത്തനം അവസാനിപ്പിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ ഇന്ത്യൻ ആരോഗ്യപ്രവർത്തകരുടെ പ്രശ്നത്തിൽ കേന്ദ്രസർക്കാരിന്റെ അടിയന്തര നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ട് എംപി കൊടിക്കുന്നിൽ സുരേഷ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ സന്ദർശിച്ച് വിശദമായ നിവേദനം നൽകി.
സമീപകാല പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ദുബായിലെ ഇറാനിയൻ ആശുപത്രി പ്രവർത്തനം അവസാനിപ്പിച്ചതിനെ തുടർന്നാണ് അവിടെ സേവനമനുഷ്ഠിച്ചിരുന്ന ഇന്ത്യൻ ആരോഗ്യപ്രവർത്തകർ ഗുരുതരമായ പ്രതിസന്ധിയിലായത്. ആശുപത്രി അടച്ചുപൂട്ടിയതോടെ നിലവിലുള്ള യു.എ.ഇ. വിസകൾ റദ്ദാക്കുകയും പുതിയ വിസകൾ അനുവദിക്കാത്ത തരത്തിൽ ആജീവനാന്ത വിസാ വിലക്ക് ഏർപ്പെടുത്തിയെന്നും ഇതുമൂലം നിരവധി പേർ ദുരിതത്തിലാണെന്നും കൊടിക്കുന്നിൽ സുരേഷ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.
കേരളത്തിൽ നിന്നുള്ള നഴ്‌സുമാർ ഉൾപ്പെടെ 134-ലധികം ഇന്ത്യൻ ആരോഗ്യപ്രവർത്തകരാണ് ഈ സാഹചര്യത്തിന്റെ ഇരകളായിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എ.ഇ.യുടെ ആരോഗ്യരംഗത്ത് വർഷങ്ങളോളം സേവനമനുഷ്ഠിച്ച ഇവർ കോവിഡ് മഹാമാരിക്കാലത്തും ജീവൻ പണയംവെച്ച് പ്രവർത്തിച്ചവരാണെന്നും, വ്യക്തിപരമായ യാതൊരു വീഴ്ചയും ഇല്ലാതിരുന്നിട്ടും ആശുപത്രി അടച്ചുപൂട്ടിയതിന്റെ പേരിൽ തൊഴിൽ നഷ്ടപ്പെടുകയും മറ്റ് സ്ഥാപനങ്ങളിൽ ജോലി നേടാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇവരിൽ ഭൂരിഭാഗം പേരുടെയും കുടുംബാംഗങ്ങൾ യു.എ.ഇ.യിൽ താമസിക്കുകയും മക്കൾ അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആജീവനാന്ത വിസാ വിലക്ക് കുടുംബങ്ങളെ വേർപിരിഞ്ഞ് കഴിയാൻ നിർബന്ധിതരാക്കുകയാണെന്നും ഇത് കടുത്ത മാനസിക, സാമൂഹിക, സാമ്പത്തിക പ്രതിസന്ധികൾക്ക് വഴിവെക്കുന്നതായും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ഈ വിഷയത്തിൽ കേന്ദ്രസർക്കാർ യു.എ.ഇ. സർക്കാരുമായി നയതന്ത്രതലത്തിൽ അടിയന്തരമായി ഇടപെട്ട് മാനുഷികമായ പരിഹാരം കണ്ടെത്തണമെന്നും, മുൻ ഇന്ത്യൻ ആരോഗ്യപ്രവർത്തകർക്ക് ഏർപ്പെടുത്തിയിട്ടുള്ള ആജീവനാന്ത വിസാ വിലക്കിൽ ഇളവ് അനുവദിച്ച് തൊഴിൽ, താമസ, സന്ദർശക, ആശ്രിത വിസകൾക്ക് വീണ്ടും അപേക്ഷിക്കാനുള്ള അവസരം ഒരുക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. വേർപിരിഞ്ഞുകഴിയുന്ന കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിക്കുന്നതിനായി പ്രത്യേക മാനുഷിക പരിഗണന നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള ശക്തമായ സൗഹൃദവും തന്ത്രപ്രധാന പങ്കാളിത്തവും കൂടുതൽ ദൃഢമാക്കുന്നതിനൊപ്പം, യു.എ.ഇ.യുടെ ആരോഗ്യരംഗത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ ഇന്ത്യൻ ആരോഗ്യപ്രവർത്തകർക്ക് നീതിയും മാനുഷിക പരിഗണനയും ഉറപ്പാക്കുന്നതിനായി കേന്ദ്രസർക്കാർ ഫലപ്രദമായ നയതന്ത്ര ഇടപെടൽ നടത്തുമെന്ന് വിദേശകാര്യ മന്ത്രി ഉറപ്പുനൽകിയതായി കൊടിക്കുന്നിൽ സുരേഷ് തന്റെ പോസ്റ്റിൽ അറിയിച്ചു.