
തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത ഉൾപ്പെടെയുള്ള സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളുടെ പുരോഗതി തടസ്സപ്പെടുന്ന സാഹചര്യത്തിൽ നിർമ്മാണ സാമഗ്രികളുടെ അന്തർസംസ്ഥാന ഗതാഗത നിയന്ത്രണം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിന് കത്തയച്ചു.
തമിഴ്നാട് സർക്കാർ ജൂലൈ ആദ്യം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനപ്രകാരം പരുക്കൻ കല്ല്, ഗ്രാവൽ, എം-സാൻഡ്, മറ്റ് സ്റ്റോൺ അഗ്രിഗേറ്റുകൾ എന്നിവയുടെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ഗതാഗതത്തിന് മൂന്ന് മാസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പുതുച്ചേരിയിലെയും കാരൈക്കാലിലെയും ആവശ്യങ്ങൾക്ക് മാത്രമാണ് ഇളവ് നൽകിയിരിക്കുന്നത്.
സംസ്ഥാനത്തിനകത്തെ നിർമ്മാണ ആവശ്യങ്ങൾ നിറവേറ്റുക, നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കുക, അനധികൃത ഖനനവും ക്വാറി പ്രവർത്തനങ്ങളും തടയുക, പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതി സംരക്ഷിക്കുക, ഭാരവാഹന ഗതാഗതം മൂലമുള്ള റോഡ് നാശം കുറയ്ക്കുക എന്നിവയാണ് നിയന്ത്രണത്തിന് തമിഴ്നാട് സർക്കാർ ചൂണ്ടിക്കാട്ടിയ പ്രധാന കാരണങ്ങൾ. തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി ജില്ലകളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും നിർമ്മാണ സാമഗ്രികൾ എത്തുന്നത്.
ഈ സാഹചര്യത്തിലാണ് കേരള മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിയുടെ വ്യക്തിപരമായ ഇടപെടൽ ആവശ്യപ്പെട്ടത്. കേരളത്തിലെ ദേശീയപാത പദ്ധതികൾക്കും മറ്റ് ദേശീയ പ്രാധാന്യമുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കും ആവശ്യമായ സ്റ്റോൺ അഗ്രിഗേറ്റുകളുടെ വിതരണം തടസ്സപ്പെടാതിരിക്കാൻ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുകയോ, സന്തുലിതമായ വിതരണ സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യണമെന്ന് അദ്ദേഹം കത്തിൽ അഭ്യർഥിച്ചു.
കേരളത്തിൽ വലിയ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ആവശ്യമായ ഗുണമേന്മയുള്ള കല്ലും അനുബന്ധ നിർമ്മാണ സാമഗ്രികളും പരിമിതമായി മാത്രമേ ലഭ്യമാകുന്നുള്ളൂവെന്നും, അതിനാൽ വർഷങ്ങളായി തമിഴ്നാട്ടിലെ അതിർത്തി ജില്ലകളെയാണ് സംസ്ഥാനം ആശ്രയിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിലവിലെ നിയന്ത്രണങ്ങൾ ദേശീയപാത ഉൾപ്പെടെയുള്ള നിർണായക പദ്ധതികളുടെ സമയബന്ധിത പൂർത്തീകരണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തമിഴ്നാട്ടിന്റെ പരിസ്ഥിതി സംരക്ഷണവും അനധികൃത ഖനനം തടയാനുള്ള ശ്രമങ്ങളും കേരളം മാനിക്കുന്നുണ്ടെന്നും, അതേസമയം ദേശീയ പ്രാധാന്യമുള്ള വികസന പദ്ധതികൾ തടസ്സപ്പെടാതിരിക്കാൻ പ്രായോഗികമായ പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും കത്തിൽ വ്യക്തമാക്കുന്നു. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ദീർഘകാല സഹകരണ ബന്ധവും സഹകരണ ഫെഡറലിസത്തിന്റെ ആത്മാവും ഉയർത്തിക്കാട്ടിയാണ് കേരളം അഭ്യർഥന മുന്നോട്ടുവെച്ചത്.
അതേസമയം, വിഷയത്തിൽ തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥ തല ചർച്ചകൾ വഴിയോ സംയുക്ത സംവിധാനത്തിലൂടെയോ വിഷയത്തിന് പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.