You are currently viewing പാലക്കാട് ജില്ലാ ആശുപത്രിയിൽ സ്തനാർബുദ പരിശോധന പ്രതിസന്ധിയിൽ

പാലക്കാട് ജില്ലാ ആശുപത്രിയിൽ സ്തനാർബുദ പരിശോധന പ്രതിസന്ധിയിൽ

പാലക്കാട് ജില്ലാ ആശുപത്രിയിൽ സ്തനാർബുദ നിർണയത്തിനുള്ള അത്യാധുനിക മാമോഗ്രാം മെഷീൻ ഒരുമാസത്തിലേറെയായി പ്രവർത്തനരഹിതമായതിനെ തുടർന്ന് നിർധനരായ രോഗികൾ കടുത്ത ബുദ്ധിമുട്ട് നേരിടുന്നതായി ഒറ്റപ്പാലം എംഎൽഎ അഡ്വ. കെ. പ്രേംകുമാർ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് എംഎൽഎ സാമൂഹിക മാധ്യമങ്ങളിലൂടെ സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ശ്രദ്ധ ക്ഷണിച്ചത്.

ജില്ലയിലെ സർക്കാർ ആശുപത്രികളിൽ അത്യാധുനിക മാമോഗ്രാം മെഷീനുള്ള ഏക സ്ഥാപനമാണ് പാലക്കാട് ജില്ലാ ആശുപത്രി. മെഷീൻ തകരാറിലായതോടെ രോഗികൾ സ്വകാര്യ ആശുപത്രികളെയും ഡയഗ്നോസ്റ്റിക് സെന്ററുകളെയും ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. അവിടെ ഒരു മാമോഗ്രാം പരിശോധനയ്ക്ക് ഏകദേശം ₹5,000 വരെ ചെലവാകുന്നതിനാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഇത് വലിയ തിരിച്ചടിയാണെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.
. സോഫ്റ്റ്‌വെയർ തകരാറാണ് പ്രശ്നത്തിന് കാരണമായതെന്ന് വ്യക്തമാക്കുന്ന എംഎൽഎ, സാങ്കേതിക വിദഗ്ധർ മെഷീൻ ഒരിക്കൽ പ്രവർത്തനക്ഷമമാക്കിയെങ്കിലും നാലു ദിവസത്തിനകം വീണ്ടും തകരാറിലായതായി പറഞ്ഞു.

തുടർന്ന് കമ്പനി അധികൃതർ നേരിട്ടെത്തി സോഫ്റ്റ്‌വെയറിന്റെ കോഡിങ് ഉൾപ്പെടെയുള്ള സാങ്കേതിക തിരുത്തലുകൾ നടത്തിയെങ്കിലും രണ്ടാഴ്ച പിന്നിട്ടിട്ടും പ്രശ്നം പരിഹരിക്കാനായിട്ടില്ല. നിലവിൽ മെഷീൻ താൽക്കാലികമായിപ്പോലും പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു.

ജില്ലാ ആശുപത്രിയിൽ ഈ പരിശോധന സാധാരണക്കാർക്ക് തുച്ഛമായ നിരക്കിലോ സൗജന്യമായോ ലഭിച്ചിരുന്നതായും, ഇപ്പോൾ മെഷീൻ എപ്പോൾ പ്രവർത്തനക്ഷമമാകുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തത് രോഗികളുടെ ആശങ്ക വർധിപ്പിക്കുകയാണെന്നും എംഎൽഎ പറഞ്ഞു.

സ്തനാർബുദത്തിന്റെ പ്രാരംഭ ഘട്ടങ്ങളിൽ തൊട്ടുനോക്കുമ്പോൾ പോലും തിരിച്ചറിയാൻ കഴിയാത്ത ചെറിയ മുഴകളോ അസാധാരണ മാറ്റങ്ങളോ കണ്ടെത്താൻ മാമോഗ്രാം പരിശോധനയ്ക്ക് നിർണായക പങ്കുണ്ടെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രോഗം ആദ്യഘട്ടത്തിൽ കണ്ടെത്താനാകുന്നത് ചികിത്സ വിജയകരമാക്കാനും ചികിത്സാച്ചെലവ് ഗണ്യമായി കുറയ്ക്കാനും സഹായിക്കുന്നതിനാൽ, മെഷീൻ അടിയന്തരമായി പ്രവർത്തനക്ഷമമാക്കാൻ ആരോഗ്യവകുപ്പ് ഇടപെടണമെന്നാണ് ആവശ്യം.

Leave a Reply