You are currently viewing സംസ്ഥാന വികസനനയം സമഗ്രമായി പരിഷ്‌കരിക്കും; വ്യവസായങ്ങൾക്ക് ഏകജാലക സംവിധാനം വരും: മന്ത്രി ഷിബു ബേബി ജോൺ

സംസ്ഥാന വികസനനയം സമഗ്രമായി പരിഷ്‌കരിക്കും; വ്യവസായങ്ങൾക്ക് ഏകജാലക സംവിധാനം വരും: മന്ത്രി ഷിബു ബേബി ജോൺ

ചവറ: കാലോചിതമായ മാറ്റങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനത്തിന്റെ വികസനനയം സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വനം-വന്യജീവി, നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. പന്മന ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച വികസന ചർച്ചയിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിന് വിവിധ വകുപ്പുകളുടെ അനുമതികൾ വേഗത്തിൽ ലഭ്യമാക്കാൻ ഏകജാലക സംവിധാനം നടപ്പാക്കുമെന്നും, പഞ്ചായത്തുകൾക്ക് നവീന വികസന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന് പ്രത്യേക ഉപദേശക സമിതിയെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. മാലിന്യ സംസ്കരണത്തിനായി കൂടുതൽ ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കുമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ടിന്റെ ആദ്യ ഗഡു ഉടൻ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിക്ക് കൂടുതൽ തുക അനുവദിച്ച് പദ്ധതി പുനഃക്രമീകരിക്കുമെന്നും വ്യക്തമാക്കി.

പന്മന പഞ്ചായത്തിൽ അറവുശാലയും പൊതുശ്മശാനവും സ്ഥാപിക്കുമെന്നും, ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും കുറ്റിവട്ടം ആയുർവേദ ആശുപത്രിയുടെയും വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും ജീവനക്കാരുടെ കുറവ് പരിഹരിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ചവറ-പന്മന മേഖലയിലെ പാലിയേറ്റീവ് സബ് സെന്ററുകൾ വെൽനസ് കേന്ദ്രങ്ങളാക്കി മാറ്റി കിടപ്പുരോഗികൾക്കുള്ള സേവനങ്ങൾ വിപുലീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ആരംഭിച്ച ബഡ്‌സ് സ്‌കൂളിന്റെ തുടർവികസനത്തിനും തൊഴിൽപരിശീലനത്തിനും പുനരധിവാസത്തിനും പ്രത്യേക പരിഗണന നൽകുമെന്നും, മേക്കാട് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം വേഗത്തിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഹരിതകർമ സേനാംഗങ്ങൾക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പഞ്ചായത്ത് കെട്ടിടത്തിന്റെ നവീകരണം, കാട്ടിൽമേക്കതിൽ ക്ഷേത്രമേഖലയിലെ ആശുപത്രി നിർമ്മാണം, ഖനന പ്രവർത്തനങ്ങൾക്കായി കെ.എം.എം.എൽ ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം സമയബന്ധിതമായി നൽകൽ, വായു മലിനീകരണവും ജലവിതരണ പ്രശ്നങ്ങളും പരിഹരിക്കൽ എന്നിവയ്ക്കും സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. കെ.എം.എം.എല്ലിന്റെ സാമൂഹ്യ സുരക്ഷാ നിധിയിൽ നിന്ന് അർഹരായ ജനങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും, പന്മനയിലെ എല്ലാ അങ്കണവാടികളും സ്മാർട്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വട്ടക്കായൽ വിനോദസഞ്ചാര പദ്ധതി വിപുലീകരിക്കുക, കെ.എസ്.ഇ.ബിക്ക് പുതിയ ഓഫീസ് നിർമ്മിക്കുക എന്നിവ ഉൾപ്പെടെ ചവറ മണ്ഡലത്തിലെ വിവിധ വികസന ആവശ്യങ്ങൾക്കായി സമഗ്ര പദ്ധതി നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, വൈസ് പ്രസിഡന്റ് ഷംനാ റാഫി, സ്ഥിരംസമിതി അധ്യക്ഷൻ അൻവർ കാട്ടിൽ, കൊച്ചുറ്റയിൽ സലീം, സുകന്യ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply