You are currently viewing ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യസഹായം ഉറപ്പാക്കും; മഴക്കെടുതി മേഖലകൾ സന്ദർശിച്ച് മന്ത്രി പി.സി. വിഷ്ണുനാഥ്

ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യസഹായം ഉറപ്പാക്കും; മഴക്കെടുതി മേഖലകൾ സന്ദർശിച്ച് മന്ത്രി പി.സി. വിഷ്ണുനാഥ്

പത്തനംതിട്ട: ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ ദുരിതബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, മരുന്നുകൾ ഉൾപ്പെടെയുള്ള എല്ലാ അവശ്യസൗകര്യങ്ങളും ഉറപ്പാക്കുമെന്ന് സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. റാന്നിയിലെ മഴക്കെടുതി പ്രദേശങ്ങൾ സന്ദർശിച്ച ശേഷം താലൂക്ക് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പൊലീസ്, അഗ്‌നിരക്ഷാസേന, എൻ.ഡി.ആർ.എഫ്. എന്നിവയുടെ ഏകോപിത പ്രവർത്തനം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ജില്ലാ കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും പൊലീസ് ആസ്ഥാനത്തും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്താൻ എം.എൽ.എമാർ അതത് മണ്ഡലങ്ങളിൽ യോഗങ്ങൾ ചേരുമെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജരാകാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.

റാന്നി മേഖലയിൽ സർക്കാരിന്റെ കൂടുതൽ ശ്രദ്ധ ആവശ്യമാണ് എന്ന് പഴകുളം മധു എം.എൽ.എ. അഭിപ്രായപ്പെട്ടു. നദികളിലെ പുറ്റും ചെളിയും അടിയന്തരമായി നീക്കം ചെയ്യണമെന്നും അയിരൂർ, ചെറുകോൽപ്പുഴ, കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തുടർന്ന് ആറന്മുളയിലെ മഴക്കെടുതി പ്രദേശങ്ങളും ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി സന്ദർശിച്ചു. ആന്റോ ആന്റണി എം.പി., അബിൻ വർക്കി എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ, ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ്, എ.ഡി.എം. ആർ. രാജലക്ഷ്മി എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.

നിലവിൽ ജില്ലയിൽ 22 ദുരിതാശ്വാസ ക്യാമ്പുകളിലായി 567 പേരാണ് കഴിയുന്നത്. കോന്നി താലൂക്കിൽ ഒരു ക്യാമ്പും തിരുവല്ലയിൽ രണ്ടും റാന്നിയിൽ രണ്ടും മല്ലപ്പള്ളിയിൽ 13 ഉം കോഴഞ്ചേരിയിൽ നാലും ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.

അതേസമയം, മഴയെ തുടർന്നുള്ള സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പമ്പ ഉൾപ്പെടെയുള്ള നദികളിൽ പള്ളിയോടങ്ങൾ, വള്ളങ്ങൾ, ബോട്ടുകൾ, കടത്ത് എന്നിവ രക്ഷാപ്രവർത്തനങ്ങൾ ഒഴികെ ഉപയോഗിക്കുന്നത് നിരോധിച്ചു. മലയോര മേഖലകളിലേക്കുള്ള എല്ലാ യാത്രകളും രാത്രി 7 മുതൽ രാവിലെ 6 വരെ ഓഗസ്റ്റ് 8 വരെ നിരോധിച്ചിട്ടുണ്ട്. തൊഴിലുറപ്പ് ജോലികൾ, വിനോദസഞ്ചാരത്തിനായുള്ള കയാക്കിങ്, കുട്ടവഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയ്ക്കും ഇതേ കാലയളവിൽ വിലക്കേർപ്പെടുത്തി.

കൂടാതെ, ജില്ലയിലെ ക്വാറികളുടെയും ക്രഷർ യൂണിറ്റുകളുടെയും പ്രവർത്തനം ഓഗസ്റ്റ് 6 വരെ നിർത്തിവെച്ചിട്ടുണ്ട്. ആങ്ങമൂഴി വഴി ഗവി റോഡിലൂടെയുള്ള യാത്രയും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണമായും നിരോധിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

Leave a Reply