You are currently viewing ഇറാനെതിരെ സൈനിക നടപടി ഒഴിവാക്കണം; ട്രംപിനോട് സൗദിയുടെ നിർണായക അഭ്യർഥന

ഇറാനെതിരെ സൈനിക നടപടി ഒഴിവാക്കണം; ട്രംപിനോട് സൗദിയുടെ നിർണായക അഭ്യർഥന

റിയാദ്: മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാനുമായുള്ള പ്രശ്നം സൈനിക നടപടികളിലൂടെ പരിഹരിക്കാതെ നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ടു. ഇരുവരും തമ്മിൽ നടന്ന ടെലിഫോൺ സംഭാഷണത്തിനിടെയാണ് സൗദി ഭരണകൂടം ഈ നിലപാട് വ്യക്തമാക്കിയത്.

ഇറാനെതിരായ സൈനിക ആക്രമണം മേഖലയിലാകെ വ്യാപകമായ സംഘർഷത്തിന് വഴിവെക്കുമെന്നും അതിലൂടെ പശ്ചിമേഷ്യയിലെ സുരക്ഷയും സ്ഥിരതയും ഗുരുതരമായി ബാധിക്കപ്പെടാനിടയുണ്ടെന്നും മുഹമ്മദ് ബിൻ സൽമാൻ മുന്നറിയിപ്പ് നൽകിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അടുത്തിടെ ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതും, താൽക്കാലിക വെടിനിർത്തൽ തകർന്നതിനെ തുടർന്ന് ഇരുരാജ്യങ്ങളും വീണ്ടും ഏറ്റുമുട്ടൽ ആരംഭിച്ചതും മേഖലയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതത്തിനും തടസ്സങ്ങൾ നേരിട്ട സാഹചര്യത്തിൽ ഇറാനിലെ ലക്ഷ്യങ്ങൾക്കെതിരായ ആസൂത്രിത സൈനിക ആക്രമണം താൽക്കാലികമായി മാറ്റിവെച്ച് ചർച്ചകൾക്ക് അവസരം നൽകാൻ ട്രംപ് തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഇറാന്റെ പ്രതികാര നടപടികൾ ഗൾഫ് മേഖലയിലെ എണ്ണ ഉൽപാദന കേന്ദ്രങ്ങളെയും മറ്റ് സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് സൗദി അറേബ്യയെ നയതന്ത്രപരമായ പരിഹാരത്തിന് കൂടുതൽ പ്രാധാന്യം നൽകാൻ പ്രേരിപ്പിക്കുന്നത്. തുർക്കി, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും സംഘർഷം വ്യാപിക്കാതിരിക്കാൻ ഇടപെടലുകൾ ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 90 ഡോളറിന് മുകളിലായി തുടരുന്നതും സാമ്പത്തിക ആശങ്കകൾ വർധിപ്പിക്കുകയാണ്.

Leave a Reply